തിരുവനന്തപുരം: കേന്ദ്രത്തിന്റെയും കോവിഡ് നിയന്ത്രണ ഏജൻസികളുടെയും അംഗീകാരം ലഭിച്ചാൽ ഘട്ടംഘട്ടമായി സ്കൂൾ തുറക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ.
കേന്ദ്രനിർദേശം വരുന്ന മുറയ്ക്ക് കുട്ടികൾക്കു വാക്സിൻ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
ഡിജിറ്റൽ ഓണ്‍ലൈൻ ക്ലാസുകൾ ശാശ്വതമല്ല. സംസ്ഥാനത്ത് ഓണ്‍ലൈൻ പഠനത്തിൽ ഏർപ്പെടുന്ന വിദ്യാർഥികളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. 36% പേർക്ക് തലവേദനയും കഴുത്തുവേദനയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
28% പേർക്ക് കണ്ണിന് ക്ഷീണവും 15 % പേർക്ക് കാഴ്ചമങ്ങലും അനുഭവപ്പെടുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽ എസ്സിഇആർടി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.
ഡിജിറ്റൽ ഉപകരണങ്ങളിലെ ചതിക്കുഴികളിൽ കുട്ടികൾ വീഴാതിരിക്കാൻ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് കൗണ്‍സിലിംഗ് നൽകുന്നുണ്ട്.
അടുത്തമാസം മുതൽ സ്കൂൾ അടിസ്ഥാനത്തിൽ രക്ഷിതാക്കൾക്ക് അധ്യാപകർ ബോധവത്കരണം നടത്തും.
ഡിജിറ്റൽ ക്ലാസുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികളിലുണ്ടായിരിക്കുന്ന മാനസിക സമ്മർദം കുറയ്ക്കാൻ സ്കൂൾ കൗണ്‍സലിംഗ് നടന്നുവരുന്നു.
എന്നാൽ, കൗണ്‍സിലർമാരുടെ കുറവ് പ്രതിസന്ധിയാണ്. ഇതു പരിഹരിക്കാൻ കൂടുതൽ കൗണ്‍സിലർമാരെ നിയമിക്കുന്ന കാര്യം പരിഗണനയിലാണ്.
ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ കുട്ടികളുമായി നേരിട്ടു സംവദിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.
സ്കൂൾ തലത്തിലും പിടിഎ തദ്ദേശ ഭരണസ്ഥാപനങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.