തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയാൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാൻ തയാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളുകൾ തുറക്കാൻ കോവിഡ് നിയന്ത്രണ ഏജൻസികളുടെ അനുമതി കൂടി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 36 ശതമാനം കുട്ടികൾക്ക് കുഴുത്ത് വേദനയും 27 ശതമാനം കുട്ടികൾക്ക് കണ്ണുകൾക്ക് വേദനയും അനുഭവപ്പെടുന്നുണ്ട്. എസ് സിഇആർടി റിപ്പോർട്ട് ഉദ്ധരിച്ചാണ് മന്ത്രി സംസാരിച്ചത്.
കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ വലിയ ശ്രദ്ധവേണമെന്നും ഇക്കാര്യം അധ്യാപകരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് സംസ്ഥാനത്ത് രൂക്ഷമായി നിലനിൽക്കുന്നതിനിടെയാണ് സ്കൂളുകൾ തുറക്കാൻ തയാറാണെന്ന മന്ത്രിയുടെ പ്രഖ്യാപനം വന്നത്. ദിവസങ്ങളായി കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഞായറാഴ്ച 18,607 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.