സ്വന്തം ലേഖകൻ
തൃശൂർ: കേരളപ്പിറവി ദിനത്തിൽ സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങളുമായി സർക്കാർ മുന്നോട്ടു പോകുന്പോൾ ആശങ്കകളുടേയും പ്രശ്നങ്ങളുടേയും സ്കൂൾ ഗേറ്റാണ് തുറക്കാൻ പോകുന്നത്.
എല്ലാം സുരക്ഷിതമെന്നും ഒരു കുഴപ്പവുമുണ്ടാവില്ലെന്നും സർക്കാരും വിദ്യാഭ്യാസ വകുപ്പും അവകാശപ്പെടുന്നുണ്ടെങ്കിലും രക്ഷിതാക്കളിൽ നല്ലൊരു ശതമാനവും കടുത്ത ആശങ്കയിലാണ്.
സ്കൂളിലേക്കു കുട്ടികളെ അയക്കണമെന്നു നിർബന്ധമില്ലാത്തതുകൊണ്ടു രക്ഷിതാക്കൾക്കു സ്വയം തീരുമാനമെടുക്കാം. ഭൂരിഭാഗവും തങ്ങളുടെ കുട്ടികളെ ഇപ്പോൾ സ്കൂൾ തുറന്നയുടൻ സ്കൂളുകളിലേക്ക് അയക്കണ്ട എന്ന നിലപാടിലാണ്.
അന്യസംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നപ്പോഴുണ്ടായ കോവിഡ് വ്യാപനം ചൂണ്ടിക്കാണിച്ചാണു രക്ഷിതാക്കൾ ഇത്തരമൊരു തീരുമാനത്തിലെത്തുന്നത്.
യാത്രയിൽ തുടങ്ങുന്നു പ്രശ്നങ്ങൾ
സ്കൂൾ തുറക്കുന്പോൾ വീട്ടിൽ നിന്നുള്ള യാത്രയിൽ തുടങ്ങുന്നു പ്രശ്നപരന്പര. സ്കൂൾ ബസിനെ ആശ്രയിക്കുന്ന കുട്ടികളും പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി സ്കൂളിലെത്തുന്ന വിദ്യാർഥികളും ഓട്ടോ, ടെന്പോ തുടങ്ങിയ സ്വകാര്യ വാഹനങ്ങളിൽ സ്കൂളിലെത്തുന്നവരുമുണ്ട്.
സ്കൂൾ ബസുകളെല്ലാം കഴിഞ്ഞ ഒന്നര വർഷത്തോളമായി ഓടാറില്ല. മിക്ക വണ്ടികളുടേയും ടെസ്റ്റ് കഴിഞ്ഞിട്ടില്ല. അഞ്ചും ആറും ബസുകളുള്ള സ്കൂളുകൾക്ക് ഈ വണ്ടികളെല്ലാം അറ്റകുറ്റപ്പണികൾ നടത്തി ടെസ്റ്റ് കഴിച്ച് നിരത്തിലിറക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവു വരും.
അന്പതു കുട്ടികളുടെ സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്കൂൾ ബസിൽ സാധാരണ 60 മുതൽ എഴുപതു കുട്ടികളെ വരെ കൊണ്ടുവരാറുണ്ട്. എന്നാൽ കടുത്ത നിയന്ത്രണങ്ങളോടെ വളരെ കുറച്ചു കുട്ടികളെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന നിബന്ധന നടപ്പാക്കിയാൽ ഒരു ട്രിപ്പിനു പകരം മൂന്നും നാലും ട്രിപ്പടിക്കേണ്ട സ്ഥിതിയാകും. സമയനഷ്ടവും സാന്പത്തിക നഷ്ടവും താങ്ങാനാകില്ലെന്നും മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നു.
ഡീസൽ ചെലവുംശന്പള വർധനയും
വന്പിച്ച ഡീസൽ ചെലവാണു വരാൻ പോകുന്നതെന്നും ഡ്രൈവർമാർക്ക് മുന്പു കൊടുത്തിരുന്ന ശന്പളത്തേക്കാൾ കൂടുതൽ കൊടുക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുകയെന്നും സ്കൂൾ അധികൃതർ കണക്കു നിരത്തി. കുട്ടികളെ കൊണ്ടുവരുന്ന ബസുകളിൽ ആയമാരുടെ സേവനം ആവശ്യമായതിനാൽ അവരേയും തിരിച്ചുവിളിക്കണം. അവർക്കും ശന്പളം വർധിപ്പിക്കേണ്ടി വരും.
പല സ്കൂളുകളിലേയും ബസ് ഡ്രൈവർമാർ സ്കൂൾ ബസുകൾ കട്ടപ്പുറത്തായതോടെ മറ്റു ജോലികൾക്കു പോയി. വിളിച്ചാൽ വരാം എന്ന ഉറപ്പിലാണു പലരും പോയിട്ടുള്ളതെങ്കിലും അവരെ കിട്ടിയില്ലെങ്കിൽ ഡ്രൈവർമാരെ തപ്പിയിറങ്ങേണ്ട സ്ഥിതിയുണ്ടാകുമെന്ന ആശങ്കയും പലരും പങ്കുവച്ചു.
അറ്റകുറ്റപ്പണി മതിയാവില്ല
ഒന്നര വർഷത്തിലധികം ഓടാത്തതിനാൽ വെറും അറ്റകുറ്റപ്പണി മാത്രം ബസുകൾക്കു മതിയാവില്ലെന്നു മെക്കാനിക്കുകൾ. നല്ലൊരു തുക തന്നെ വണ്ടിപ്പണിക്കു വേണ്ടി വരും. ഇത്രയും തുക ചെലവിട്ടു നന്നാക്കിയെടുക്കുന്പോഴേക്കും വീണ്ടും കോവിഡ് വ്യാപനമെന്നും പറഞ്ഞ് ഇതര സംസ്ഥാനങ്ങളിലേപ്പോലെ സ്കൂളുകൾ അടച്ചിട്ടാൽ ഈ തുക മുഴുവൻ പാഴാകില്ലേ എന്നാണ് സ്കൂളുകാരുടെ ചോദ്യം.
ബസുകൾക്ക് ഇൻഷ്വറൻസ് ഇനത്തിൽ 50,000 രൂപ വരെ നൽകേണ്ടി വരും. അഞ്ചാറു ബസുകളുള്ള സ്കൂളുകൾക്ക് ആ വകയിൽ തന്നെ ലക്ഷങ്ങൾ വരും. ഇൻഷ്വറൻസ് തത്കാലത്തേക്ക് ഇളവു നൽകിയാൽ ഏറെ സഹായമാകുമെന്നും ഇവർ പറഞ്ഞു.
പൊതുഗതാഗതം ആശങ്ക
പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി എത്തുന്ന കുട്ടികൾക്കു യാത്ര എത്രമാത്രം സുരക്ഷിതമാണെന്ന ആശങ്ക പരക്കെയുണ്ട്. ഇപ്പോൾ സ്വകാര്യ ബസുകളിൽ യാത്രക്കാരെ യാതൊരു നിയന്ത്രണവുമില്ലാതെ കൊണ്ടുപോകുന്ന സ്ഥിതിയുണ്ടെന്നും കുട്ടികളെ അത്തരം ബസിൽ അയക്കുന്നത് അപകടമാണെന്നും രക്ഷിതാക്കളിൽ പലരും ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ കണ്സഷൻ വലിയ പ്രശ്നമാകുമെന്നുറപ്പാണ്. ഇതു വർധിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ മുന്നോട്ടു വച്ചിട്ടുണ്ട്. കുട്ടികളെ വിടാതിരിക്കുക മാത്രമാണു രക്ഷയെന്നു പലരും പറഞ്ഞു.
ഓട്ടോയും ടെന്പോ ട്രാവലറും
ഓട്ടോറിക്ഷകളിൽ ആറും ഏഴും കുട്ടികളെവരെ കൊണ്ടുവരാറുള്ള സ്ഥാനത്തു രണ്ടുപേരെ മാത്രം കൊണ്ടുവരാനേ അനുവദിക്കൂ എന്ന നിബന്ധന ഓട്ടോറിക്ഷക്കാർക്കും തിരിച്ചടിയാണ്. ടെന്പോ ട്രാവലറുകാര ുടെയും മിനി ബസുകളു ടെയും സ്ഥിതിയും വിഭിന്നമല്ല.
കുട്ടികളെ രക്ഷിതാക്കൾ സ്കൂളിൽ കൊണ്ടുവരികയും തിരിച്ചുകൊണ്ടുപോവുകയും ചെയ്യട്ടെ എന്ന ചർച്ച വന്നെങ്കിലും കൂലിപ്പണിക്കും മറ്റും പോകുന്ന രക്ഷിതാക്കൾക്കു രാവിലെയും ഉച്ചയ്ക്കും കുട്ടികളെ കൊണ്ടുവിടലും തിരിച്ചുകൊണ്ടുപോവലും സാധ്യമല്ലെന്നു രക്ഷിതാക്കൾ തറപ്പിച്ചു പറഞ്ഞു.
മാസ്കിട്ട് പഠിപ്പിക്കൽ ദുഷ്കരം
കോവിഡ് വരാതിരിക്കാൻ വേണ്ടി മാത്രമാണു മാസ്കിട്ട് നടക്കുന്നതെന്നും മാസ്കിട്ട് ക്ലാസിൽ പഠിപ്പിക്കൽ ഒട്ടും എളുപ്പമല്ലെന്നും അധ്യാപകർ പറഞ്ഞു. പതിവിലും ഉയർന്ന ശബ്ദമെടുത്ത് ക്ലാസെടുക്കേണ്ടിവരും.രോഗവ്യാപനം കുറഞ്ഞെന്നും ആശങ്ക വേണ്ടെന്നും ശാസ്ത്രീയമായി പറയാൻ കഴിയാത്ത ചുറ്റുപാടിൽ കുട്ടികളെ സ്കൂളിലേക്കയക്കുന്നത് അപകടം തന്നെയാണെന്ന് അധ്യാപകർ പറഞ്ഞു.
രണ്ടു വാക്സിനെടുത്തവർക്കുവരെ രോഗം വരുന്നതിനാൽ തങ്ങളുടെ കാര്യവും സുരക്ഷിതമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. സർക്കാർ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിക്കാൻ സാധിക്കാത്തതിനാൽ അനുസരിക്കാൻ മാത്രമേ കഴിയൂവെന്നു പേരു വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ അധ്യാപകർ പറഞ്ഞു.
ജില്ലതലത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവിയോട് അധ്യാപകർ കാര്യങ്ങൾ പറഞ്ഞെങ്കിലും സർക്കാർ തീരുമാനമായതിനാൽ അധികാരികളും കൈ മലർത്തുകയാണ്.
ഓഫ്ലൈനും ഓണ്ലൈനും കൂടി ഓവർലോഡ്
സ്കൂളിൽ ഓഫ് ലൈൻ ക്ലാസും പിന്നെ ഓണ്ലൈൻ ക്ലാസും കഴിയുന്പോൾ ഞങ്ങളുടെ ലൈൻ കട്ടാകും – സ്കൂൾ തുറക്കുന്പോൾ സംഭവിക്കാൻ പോകുന്ന ഓവർലോഡിനെക്കുറിച്ച് അധ്യാപിക തുറന്നടിച്ചു.
പാഠഭാഗങ്ങൾ മുന്നോട്ടുപോകില്ല. ഇത് ഇരട്ടിപ്പണിയാണെന്നും അധ്യാപകർ ഒന്നടങ്കം പറഞ്ഞു. ഓണ്ലൈൻ ക്ലാസുകൾ ട്രാക്കിലായ സമയത്താണ് രണ്ടു തരത്തിലും പഠിപ്പിക്കണമെന്ന നിർദേ ശമെന്നും ഇവർ പറഞ്ഞു. സ്കൂളിൽ വരാൻ കുട്ടികളെ നിർബന്ധിക്കാത്തതിനാൽ വരുന്നവരും വരാത്തവരുമുണ്ടാകും.
ഉച്ചഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയും…
സ്കൂൾ തുറക്കണേ എന്നു പ്രാർഥിക്കുന്ന കുട്ടികളുണ്ടെന്നും സ്കൂളിൽ നിന്നു കിട്ടുന്ന ഉച്ചഭക്ഷണം കഴിക്കാനെത്തുന്ന പാവപ്പെട്ട കുട്ടികളാണവരെന്നും സർക്കാർ – എയ്ഡഡ് സ്കൂളുകളിലെ അധികൃതർ ഓർമിപ്പിച്ചു.
ദിവസേന ഉച്ചഭക്ഷണവും പാലും ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും കിട്ടുമെന്ന പ്രതീക്ഷയാണിവർക്ക്്. എന്നാൽ, ഉച്ചഭക്ഷണത്തിനു പകരം അലവൻസ് നൽകാനാണു തീരുമാനം. ഇതെത്രമാത്രം പ്രാവർത്തികമാകുമെന്ന സംശയം പരക്കെയുണ്ട്.
കുട്ടികളെ നിയന്ത്രിക്കൽ എളുപ്പമാവില്ല
മുൻകാലങ്ങളിൽ കുട്ടികളെ കൈകാര്യം ചെയ്ത പോലെ നിബന്ധനകൾക്കും ചട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾക്കും മധ്യേ നിന്ന് കൈകാര്യം ചെയ്യാൻ എളുപ്പമല്ലെന്ന് സർക്കാർ, എയ്ഡഡ്, സ്വകാര്യ മാനേജ്മെന്റുകൾ ഒരുപോലെ സമ്മതിക്കുന്നു.
ക്ലാസ് മുറിക്കകത്ത് അധ്യാപകരുടെ കർശന നിയന്ത്രണങ്ങളിൽ കുട്ടികൾ സാമൂഹിക അകലം പാലിച്ചിരുന്നേക്കാം. എന്നാൽ, കോന്പൗണ്ടിനു പുറത്ത് അവർ കൂട്ടുകൂടുന്നത് തടയാൻ എന്തു ചെയ്യുമെന്നാണ് ഉന്നയിക്കപ്പെടുന്ന ചോദ്യം. സ്കൂളിനു പുറത്തുവച്ച് കുട്ടികൾക്കു രോഗബാധയുണ്ടായാലും സ്കൂളിൽ നിന്നുണ്ടായി എന്നു മാത്രമേ പറയുകയു ള്ളൂവെന്ന ആശങ്ക അധ്യാപകർ പങ്കിട്ടു.
എൽപി മുതൽ ഹൈസ്കൂൾ വരെ ടെൻഷനേറെ
എൽപി ക്ലാസുകൾ മുതൽ ഹൈസ്കൂൾ വരെയുള്ള സ്കൂളുകാർക്ക് ടെൻഷനേറെയാണ്. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പകുതി വരുന്ന കുട്ടികളെ ഷിഫ്റ്റാണെങ്കിലും കടുത്ത ചട്ടക്കൂടുകൾക്കുള്ളിൽ നിർത്തി പഠിപ്പിക്കലും നോക്കലും ഒട്ടും എളുപ്പമല്ല.
എൽപി, യുപി, ഹൈസ്കൂൾ മാത്രമുള്ള സ്കൂളുകളേക്കാൾ ടെൻഷനിലാണു തങ്ങളെന്ന് എൽപി മുതൽ ഹൈസ്കൂൾ വരെയുള്ള സ്കൂളുകാർ തലയിൽ കൈവച്ച് പറയുന്നു.
മാസ്കും മാസ് പ്രശ്നം
കുട്ടികളെ മാസ്ക്കണിയിക്കുക എന്നതു മറ്റൊരു വലിയ പ്രശ്നം. ചെറിയ ക്ലാസുകളിലെ കുട്ടികൾ മാസ്കുകൾ പരസ്പരം മാറ്റി ധരിക്കാനുള്ള സാധ്യത കൂടുതലാണ്. വീട്ടിൽ നിന്ന് വരുന്പോഴുണ്ടായിരുന്ന മാസ്കായിരിക്കില്ല ചിലപ്പോൾ വീട്ടിൽ തിരിച്ചെത്തുന്പോൾ.
വളരെ ഗുരുതരമായ മാസ്ക് പ്രശ്നമാണ് ക്ലാസ് മുറികളിൽ സംഭവിക്കാൻ പോകുന്നതെന്ന് അധ്യാപകർ ഭയപ്പെടുന്നു. ക്ലാസെടുക്കലും മാസ്ക് നോക്കലും കുട്ടികളെ നിയന്ത്രിക്കലുമെല്ലാം ഒരുമിച്ച് എങ്ങനെ കൈകാര്യം ചെയ്യുമെന്ന കൺഫ്യൂഷ്യനി ലാണ് ഇക്കൂട്ടർ.