കോട്ടയം: പതിവിന് വിപരീതമായി മഴയുടെ അകന്പടിയില്ലാതെ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. ഒന്നാം ക്ലാസിലെ വിദ്യാർഥികളെ സ്വീകരിക്കാൻ ഒരുക്കിയ പ്രവേശനോത്സവം പലയിടത്തും വലിയ ആഘോഷമായി മാറി. മിഠായിയും പൂക്കളും ബലൂണുമൊക്കെ നല്കിയാണ് നവാഗതരെ വരവേറ്റത്. എൽകെജിയും യുകെജിയും കഴിഞ്ഞു വരുന്ന കുട്ടികളായതിനാൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രത്യേകിച്ചൊരു ജാള്യതയും കുട്ടികളിൽ കാണാനായില്ല.
അതേ സമയം എൽകെജിയിൽ ആദ്യമെത്തിയ വിദ്യാർഥികൾ കരഞ്ഞും അമ്മമാരുടെ കൈവിടാതെയുമിരുന്ന ദൃശ്യങ്ങൾ പലയിടത്തും കാണാമായിരുന്നു.ജില്ലയിലെ 857 പൊതു വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ 1,44,479 വിദ്യാർഥികളെത്തിയെന്നാണ് ഏകദേശ കണക്ക്. ഒന്നാം ക്ലാസിൽ മാത്രം 8840 കുട്ടികൾ പ്രവേശനം നേടി. രണ്ടു മുതൽ പത്തു വരെ ക്ലാസുകളിൽ 7580 പേർ പുതിയതായി പ്രവേശനം നേടി.
ജില്ലാതല പ്രവേശനോത്സവം പനമറ്റം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി അധ്യക്ഷത വഹിച്ചു. നവാഗതരായ വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി സ്വീകരിച്ചു.
ജില്ലാ കളക്ടർ പി. കെ സുധീർ ബാബു മുഖ്യപ്രഭാഷണം നടത്തി. പാന്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്തച്ചൻ താമരശേരി സൗജന്യ യൂണിഫോമും എലിക്കുളം പഞ്ചായത്ത് പ്രസിഡൻറ് എം. പി സുമംഗലാദേവി പഠനോപകരണങ്ങളും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ. ജെ പ്രസാദ് വിദ്യാഭ്യസ മന്ത്രിയുടെ സന്ദേശം വായിച്ചു.
സ്കൂളുകളുടെ പരിസരത്ത് ലഹരി വസ്തുക്കൾ വിൽക്കുകയും കുട്ടികൾ ഇവ ഉപയോഗിക്കുകയും ചെയ്യുന്നതിനെതിരെ എക്സൈസ്, പോലീസ് വകുപ്പുകളും സ്കൂൾ അധികൃതരും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്നും കുട്ടികൾ ശാരീരികവും ലൈംഗികവുമായ ചൂഷണങ്ങൾക്ക് വിധേയരാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഏകോപിതമായ പ്രവർത്തനം വേണമെന്നും കളക്ടർ നിർദേശിച്ചു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. സ്കൂളുകളുടെ പരിസരത്ത് അപകടകരമായ മരങ്ങൾ ഇല്ലെന്ന് ഉറപ്പാക്കും. സ്കൂൾ തുറക്കുന്നതോടൊപ്പംതന്നെ സ്കൂൾതല ലഹരിവിരുദ്ധ ക്ലബുകളുടെ പ്രവർത്തനം സജീവമാക്കും. ലഹരി വസ്തുക്കളുടെ വിൽപ്പനയ്ക്കും ഉപയോഗത്തിനും സാധ്യത കൂടുതലുള്ള സ്കൂളുകളുടെ പരിസരത്ത് എക്സൈസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.
ജൂണ് മാസത്തിൽതന്നെ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടത്തി മുൻകരുതൽ വേണ്ട വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിന് സ്കൂളുകൾക്ക് നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പഠനം മുടങ്ങിയ കുട്ടികളുടെ വിവരങ്ങൾ അതത് സ്കൂളുകൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അറിയിക്കണം. ഇത്തരം കുട്ടികളെ തിരികെ സ്കൂളുകളിലെത്തിക്കുന്നതിന് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കും.