സിജോ പൈനാടത്ത്
മുളന്തുരുത്തി (കൊച്ചി): നീറുന്ന നിശബ്ദതയായിരുന്നു എവിടെയും!. ക്ലാസ് മുറികളും സ്റ്റാഫ് റൂമും സ്കൂൾ അങ്കണവും… നോവുകളുടെ നിഴലുകൾ പങ്കുവച്ച മൂകമായ ഭാഷ അവിടെയെല്ലാം സങ്കടവർത്തമാനങ്ങളായി.
ദിവസങ്ങൾക്കു മുന്പു വരെ ക്ലാസ് മുറികളിൽ ഒപ്പമിരുന്നവർ, വിദ്യാലയമുറ്റത്തു കൂട്ടുകൂടി പുഞ്ചിരികളായവർ, അവർ ഇനിയില്ലെന്ന യാഥാർഥ്യത്തിലേക്കെത്താൻ എല്ലാവരും നന്നേ വിഷമിക്കുന്ന സങ്കടക്കാഴ്ചകൾ…!!
കേരളത്തെയാകെയും നടുക്കിയ വടക്കാഞ്ചേരി ബസപകടത്തിൽ അഞ്ചു വിദ്യാർഥികളും ഒരു അധ്യാപകനും നഷ്ടമായ മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂൾ, ദാരുണസംഭവത്തിനുശേഷം ഇന്നലെയാണ് വീണ്ടും തുറന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാലു വിദ്യാർഥികളൊഴികെ മറ്റെല്ലാവരും ഇന്നലെ സ്കൂളിലെത്തി. പത്താം ക്ലാസിലെ മൂന്നും പന്ത്രണ്ടാം ക്ലാസിലെ രണ്ടും വിദ്യാർഥികളും ഒരു അധ്യാപകനുമാണ് അപകടത്തിൽ മരിച്ചത്.
ഇരു ക്ലാസുകളിലേക്കും എത്തിയ മറ്റു വിദ്യാർഥികൾക്കു സങ്കടം നിയന്ത്രിക്കാനായില്ല. പലരുടെയും കണ്ണുകൾ നനഞ്ഞു, വാക്കുകൾ ഇടറി…
ആശ്വസിപ്പിക്കാനെത്തിയ അധ്യാപകരുടെയും സ്ഥിതി മറ്റൊന്നായിരുന്നില്ല. വിദ്യാർഥികൾക്കു കൗൺസലിംഗ് സേവനം നൽകുന്നതിനാൽ ഇന്നലെ ക്ലാസുകൾ ഉണ്ടായിരുന്നില്ല.
നെറ്റിയിലും കൈകളിലുമെല്ലാം തുന്നിക്കെട്ടലുകളും പ്ലാസ്റ്ററുകളുമായാണ് പരിക്കേറ്റ കുട്ടികൾ പലരുമെത്തിയത്.ഇതിനിടെ അപകടസ്ഥലത്തു നിന്നെത്തിച്ച സ്കൂൾ ബാഗുകൾ മറ്റൊരു വേദനയായി.
മരിച്ച വിദ്യാർഥികളുടെ ഉൾപ്പെടെ ബാഗുകൾ കൂട്ടത്തിലുണ്ടായിരുന്നു. എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളായ എൽന ജോസ് (15), ക്രിസ് വിന്റർ ബോണ് തോമസ് (15), സി.എസ്. ഇമ്മാനുവൽ(17), അഞ്ജന അജിത്(17), ദിയ രാജേഷ് (15), സ്കൂളിലെ കായികാധ്യാപകൻ വി.കെ. വിഷ്ണു (33) എന്നിവരാണ് വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിന്റെ ഓർമപ്പൂക്കളായത്.
മക്കളേ; ഞങ്ങൾ ഒപ്പമുണ്ട്
ബസപകടത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും പൂർണമായി മോചനം നേടാനാവാത്ത വെട്ടിക്കൽ സ്കൂളിലെ കുട്ടികൾക്കായി പ്രത്യേക കൗൺസലിംഗ് സേവനം ഇന്നലെ ആരംഭിച്ചു. പ്രമുഖ മാനസികാരോഗ്യ വിദഗ്ധൻ ഡോ. സി.ജെ. ജോണിന്റെ മാർഗനിർദേശത്തിൽ മൈത്രി സന്നദ്ധ സേവന കേന്ദ്രത്തിന്റെ പരിശീലനം നേടിയ പത്തു കൗൺസിലർമാർ ഇന്നലെ സ്കൂളിലെത്തി.
ഇന്നലെ മാത്രം നൂറിലധികം വിദ്യാർഥികളുമായി കൗൺസിലർമാർ കൂടിക്കാഴ്ച നടത്തി. നിങ്ങൾക്കൊപ്പം ഞങ്ങളെല്ലാമുണ്ട് എന്ന സന്ദേശമാണു കുട്ടികൾക്കു നൽകാൻ ശ്രമിക്കുന്നതെന്നു ഡോ. സി.ജെ. ജോൺ പറഞ്ഞു.
മൂന്നു മാസത്തോളം നീളുന്ന തുടർച്ചയായ മാനസികാരോഗ്യ സഹായം സ്കൂളിനു ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ മാനസികാരോഗ്യ കേന്ദ്രം, കെൽസ, സെക്യാട്രിക് സൊസൈറ്റി, ആല ബദൽ വിദ്യാഭ്യാസ പ്രസ്ഥാനം എന്നിവയുടെ സഹകരണവും പദ്ധതിക്കുണ്ടെന്നു സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് പറഞ്ഞു.