തൊടുപുഴ: നവംബറിൽ സ്കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതോടെ ജില്ലയിലും മുന്നൊരുക്കങ്ങൾ തുടങ്ങി. അധ്യാപകർക്ക് പൂർണമായും വാക്സിൻ നൽകാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.
സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തമായ മാർഗ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടില്ല.
എങ്കിലും സ്കൂളുകൾ തുറക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ഇതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചത്.
എന്നാൽ കോവിഡിന്റെ ഭീഷണി പൂർണമായും നീങ്ങാത്ത സാഹചര്യത്തിൽ വിദ്യാർഥികളെ സ്കൂളുകളിലേക്ക് വിടുന്ന കാര്യത്തിൽ നല്ലൊരു വിഭാഗം രക്ഷിതാക്കൾക്കും ആശങ്കയുണ്ട്.
രണ്ടു വർഷത്തോളമായി അടഞ്ഞു കിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നീണ്ട ഇടവേളയ്ക്കു ശേഷം തുറക്കുന്നത്.
ലോവർ, അപ്പർ പ്രൈമറി ക്ലാസുകളും, ഹയർസെക്കൻഡറി ക്ലാസുകളുമാണ് ആദ്യം തുടങ്ങുന്നത്.
ജില്ലയിലെ സ്കൂളിൽ അധ്യാപകരും അനധ്യാപകരുമായി ആറായിരത്തോളം പേരാണുള്ളത്. ഇതിൽ 179 അധ്യാപകരും 24 അനധ്യാപകരും ഒഴികെയുള്ളവർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.
വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇവരുടെ വാക്സിനേഷൻ വൈകിയതെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് പറഞ്ഞു.
ഇനി വാക്സിനെടുക്കാനുള്ളവരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.
ജില്ലയിൽ 1,03,000 ഓളം കുട്ടികളാണ് 652 സ്കൂളുകളിലായി പഠിക്കുന്നത്. സ്കൂളുകൾ തുറന്നാൽ സർക്കാർ നിർദേശിച്ചിരിക്കുന്നതു പ്രകാരം 75000 കുട്ടികളെങ്കിലും വിവിധ സ്കൂളുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇവർക്ക് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ സ്കൂളുകളിൽ ഒരുക്കണം. സർക്കാർ നിർദേശം ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
ഈ അധ്യയന വർഷം കോവിഡ് വ്യാപനം മൂലം സ്കൂളുകൾ തുറന്നിരുന്നില്ല. പ്രവേശനോൽസവവും മറ്റും ഓണ്ലൈനായാണ് നടത്തിയത്. എന്നാൽ സ്കൂളുകൾ തുറന്നില്ലെങ്കിലും കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനയും മറ്റും വിദ്യാഭ്യാസ വകുപ്പ് നടത്തിയിരുന്നു.
ജില്ലയിൽ ഏകാധ്യാപക വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്കൂൾ മന്ദിരങ്ങളുടെ ഫിറ്റ്നസ് അധികൃതർ ഉറപ്പാക്കിയിരുന്നു.
ഇതിനിടെ കുട്ടികൾ സ്കൂളുകളിൽ എത്തുന്പോൾ സുരക്ഷക്കായി സർക്കാർ ഏർപ്പെടുത്തുന്ന നടപടികളെ സംബന്ധിച്ചും രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്.