മുടിയൂര്‍ക്കര ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളായ ബിയാമില്, ഏബല്‍, റോണ്‍, ഹരിപ്രിയ എന്നിവര്‍ ഓണ്‍ലൈന്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നു. -രാഷ്ട്ര ദീപിക
കോട്ടയം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലും ഓണ്‍ലൈന്‍ പ്രവേശനോത്സവത്തോടെ വീടുകള്‍ വിദ്യാലയങ്ങളാക്കി ആയിരക്കണക്കിനു കുരുന്നുകള്‍ അറിവിന്റെ പുതിയ വാതായനങ്ങള്‍ തേടി ഒന്നാം ക്ലാസിലെത്തി.
അക്ഷരമുറ്റങ്ങള്‍ കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയെങ്കിലും മഹാമാരി ഇത്തവണയും കുട്ടികളെ സ്കൂളിലെത്തിച്ചല്ല. മഴയുടെ സംഗീതവുമായി വിരുന്നെത്തിയിരുന്ന ജൂണ്‍ മാസ പുലരികളില്‍ പുത്തനുടുപ്പു പുസ്തകവും വര്ണകുടകളുമായി മാതാപിതാക്കളുടെ കൈപിടിച്ച് സ്കൂളിലേക്കു കരച്ചിലുമായി എത്തുന്ന കാഴ്ച ഇത്തവണയുമല്ലാതായി.
പകരം മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീടുകളിലെ സ്വീകരണ മുറി ക്ലാസ് മുറിയാക്കി കുട്ടികള്‍ വെര്‍ച്വല്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി.സ്കൂളിലെ ഫ്സറ്റ് ബല്ലിനു പകരം വിക്ടേഴ്സ് ചാനലില്‍ ടീച്ചര്‍ എത്തിയപ്പോള്‍ അമ്മയുടെ നീട്ടിയുള്ള വിളിയെത്തി.
വിക്്ടേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത് സംസ്ഥാന തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിനു ശേഷം ജില്ലാതലത്തിലും സ്കൂള്‍ തലത്തിലും പ്രവേശനോത്സവം നടന്നു.
തങ്ങളുടെ അധ്യാപകര്‍ ഓണ്‍ലൈനായി സ്ക്രീനില്‍ എത്തിയതോടെ കുട്ടികള്‍ക്ക് സന്തോഷത്തിന്റെ പുത്തന്‍ ഡിജിറ്റല്‍ പഠനാനുഭവം ചൂരല്വടിക്കും എമ്പോസിഷനും പകരം പാട്ടും കളിയും നൃത്തവുമൊക്കെയായി അടിപൊളി ഡിജിറ്റല്‍ പഠനം.
കോവിഡ് മഹാമാരിക്കാലത്തെ വ്യത്യസ്തമായ സ്കൂള്‍ അധ്യയന വര്‍ഷത്തിനും ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിനും ഇന്നു രാവിലെ തുടക്കമായി.
വിക്ടേഴ്സ് ചാനലിലെ ക്ലാസുകള്‍ക്കു പുറമെ ഈ അധ്യയന വര്‍ഷം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംവദിക്കാന്‍ അവസരമൊരുക്കി ഓണ്‍ലൈന്‍ ക്ലാസുകളുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. അധ്യാപകര്‍ സ്കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളില്‍ നിന്നായിരിക്കും ഓണ്‍ലൈന്‍ ക്ലാസുകളെടുക്കുക.