കോട്ടയം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പൊതുസുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ചയെന്ന് പരാതി. കോട്ടയം ജില്ലയിലെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാരാണ് സ്കൂൾ കെട്ടിടങ്ങൾ അവധിക്കാലത്ത് പരിശോധിച്ച് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകേണ്ടത്.
അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ അത് മേയ് മാസത്തിൽ തന്നെ പൂർത്തിയാക്കേണ്ടതാണ്. ജില്ലയിലെ ഇരുന്നൂറിലേറെ സ്കൂളുകളിൽ ഫിറ്റ്നസ് പരിശോധന നടന്നിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാരുടെ മറ്റ് ജോലിത്തിരക്കു കാരണമാണ് സ്കൂൾ പരിശോധന ഇഴയുന്നത്. കാലപ്പഴക്കം ചെന്ന കെടിടങ്ങളും ഇതിൽപ്പെടും.
സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന, സ്കൂൾ ബസ് ഡ്രൈവർമാരുടെ പരിശീലനം, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന എന്നിവയും പൂർത്തിയായില്ല. ഓട്ടോറിക്ഷകൾ ഉൾപ്പെടെ കുട്ടികളെ കൊണ്ടുപോകുന്ന കരാർ വാഹനങ്ങളും പരിശോധനയുടെ പരിധിയിൽ വരേണ്ടതാണ്.
ജൂണ് ഒന്നിന് സ്കൂളുകൾ തുറക്കാനിരിക്കെ നഗരങ്ങളിലും സ്കൂളുകൾക്കു മുന്നിലും റോഡ് സിഗ്നലുകൾ വരയ്ക്കേണ്ടതുണ്ട്. സീബ്രാലൈനുകൾ മേയ് രണ്ടാം വാരം വരയ്ക്കാൻ നിർദേശമുണ്ടായെങ്കിലും മിക്കയിടത്തും വരച്ചിട്ടില്ല. മഴ ശക്തമായതിനാൽ ലൈനുകൾ വരയ്ക്കുന്നത് ദുഷ്കരമാണെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നു.
വരാനിരിക്കുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പോലീസ് തലത്തിൽ യോഗങ്ങളും നടന്നിട്ടില്ല. ട്രാഫിക് പോലീസിന്റെയും ഹോം ഗാർഡിന്റെയും യോഗം ഓരോ സ്റ്റേഷനിലും വിളിച്ചുചേർക്കാൻ നിർദേശമുണ്ട്. വിദ്യാർഥികളുടെ കണ്സഷൻ സംബന്ധിച്ചും അവ്യക്തത തുടരുന്നു.
മേയ് മുതൽ റെഗുലർ ക്ലാസുകൾ തുടങ്ങിയിരിക്കെ ചിലയിടങ്ങളിൽ വിദ്യാർഥികൾക്ക് സ്വകാര്യ ബസുകൾ കണ്സഷൻ നൽകുന്നില്ലെന്ന് പരാതിയുണ്ട്. കെഎസ്ആർടിസി ബസുകളിൽ കണ്സഷൻ കാർഡിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടില്ല.
ല