ആലപ്പുഴ: പ്രളയക്കെടുതിയിൽ മുങ്ങിയിരിക്കുന്ന ആലപ്പുഴ ജില്ലയിലെ പകുതി സ്കൂളുകളിൽ മാത്രമേ ബൂധനാഴ്ച അധ്യായനം തുടങ്ങൂ എന്ന് ധനമന്ത്രി തോമസ് ഐസക്. ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്ന പകുതിയോളം സ്കൂളുകളിലും ബുധനാഴ്ച ക്ലാസുകൾ തുടങ്ങാൻ കഴിയില്ല. ക്യാന്പുകൾക്ക് മറ്റ് സ്ഥലം കണ്ടെത്തി ഓഗസ്റ്റ് 31ന് മുൻപ് മുഴുവൻ സ്കൂളുകളും തുറന്നു പ്രവർത്തിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
വെള്ളത്തിൽ മുങ്ങിയ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധിക്കും
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളം നിന്ന എല്ലാ സ്കൂളുകളുടേയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പിഡബ്ല്യുഡി കെട്ടിട വിഭാഗം പരിശോധിച്ച് സ്കൂൾ തുറക്കുന്നതിന് മുന്പ് നൽകണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. 29നു സ്കൂൾ തുറക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
എന്നാൽ ചിലയിടങ്ങളിലെങ്കിലും ഇതിനു സാധിക്കാതെ വരുമെന്ന് ജില്ലാ ഭരണകൂടം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതു കൂടുതലും ബാധിക്കുക കുട്ടനാട്ടുകാരേയായിരിക്കും. ഇതിനുള്ള ബദൽ സംവിധാനം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.