പ്രളയ ബാധിത മേഖലകളിൽ സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകളെപ്പറ്റി പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ നൽകുന്ന നിർദേശങ്ങൾ
- പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ ഓഗസ്റ്റ് 29,30 തിയതികളിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ മാനസികോല്ലാസവും ആത്മ വിശ്വാസവും വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് ബഹു.പൊതു വിദ്യാഭ്യാസ മന്ത്രി നിർദ്ദേശംനൽകിയിട്ടുണ്ട്.
- എല്ലാ സ്കൂളുകളിലും പി ടി എ കമ്മിറ്റികൾ കഴിയുന്നതും 29 നു തന്നെ യോഗം ചേർന്ന് പരിസര ശുചിത്വവും കുട്ടികളുടെ ആരോഗ്യവും ഉറപ്പു വരുത്തുന്നതിനും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും സ്കൂളുകളുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം.ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരും ഹെഡ് മാസ്റ്റർമാരും ഈ അവസരത്തിൽ ഒരേ മനസ്സോടെ, ഒത്തൊരുമയോടെ മാതൃകാപരമായി പ്രവർത്തിക്കണം.
- ആദ്യ ദിവസം തന്നെ സ്കൂൾ അസംബ്ലി വിളിച്ചു ചേർത്ത് കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലുള്ള സന്ദേശങ്ങൾ നൽകണം.ഇതു സംബന്ധിച്ച് നമ്മുടെ പൊതു വിദ്യാഭ്യാസ മന്ത്രി നൽകിയ സന്ദേശം അസംബ്ലിയിൽ വായിക്കേണ്ടതാണ്.(ഈ സന്ദേശം വാട്ട് സ് ആപ്പ് മുഖേനയും ഇ മെയിൽ വഴിയും ലഭ്യമാകും.എ.ഇ.ഒമാരും ഡി ഇ ഒ മാരും ഡി ഡി മാരും ഇതര വിഭാഗങ്ങളുടെ ജില്ലാ/മേഖലാതലത്തിലുള്ള മേലുദ്യോഗസ്ഥന്മാരും തങ്ങളുടെ പരിധിയിലുള്ള പ്രഥമ അധ്യാപകരുമായി ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പു വരുത്തണം.)
- 4സ്കൂൾ കിണറിലെ വെള്ളം ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശ പ്രകാരം ജലശുദ്ധീകരണത്തിനുള്ള ബ്ലീച്ചിംഗ് പൗഡറിട്ട് അണു വിമുക്തമാക്കേണ്ടതാണ്.
- സ്കൂൾ ജലസംഭരണികൾ വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്.കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ മലിന ജലവുമായി സമ്പർക്കമുണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- 4തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ.ഓർക്കുക,പകർച്ച വ്യാധികളുടെ മുഖ്യ സ്രോതസ്സുകളിൽ ഒന്നാണു നാംകുടിക്കുന്ന വെള്ളം.
- പാചകത്തിനും ആഹാരം കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങളുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടതാണ്.മാലിന്യം കലർന്ന വെള്ളത്തിലാവും അവ കഴുകി വച്ചിരിക്കുക.അതുകൊണ്ട് തിളച്ച വെള്ളത്തിൽ മുക്കി വച്ച് അണുവിമുക്തമാക്കയ ശേഷമേ അവ ഉപയോഗിക്കാവൂ.കുട്ടികൾക്കും ഇക്കാര്യത്തിൽ നിർദ്ദേശം നൽകുക.
- ഓട് മേഞ്ഞ കെട്ടിടങ്ങളുടെ കഴുക്കോലിലും പട്ടികയിലും ഓടുകൾക്കിടയിലും തകർന്നു വീണ മതിലുകളുടേയും കെട്ടിടങ്ങളുടേയും കല്ലുകൾക്കിടയിലും ബഞ്ചുകളുടേയും ഡസ്കുകളുടേയും ഇടയിലും ഇഴ ജന്തുക്കൾ ഇല്ലായെന്ന് ഉറപ്പു വരുത്തേണ്ടതാണ്.ആരോഗ്യവകുപ്പ് അധികൃതരുമായി ആലോചിച്ച് ഇക്കാര്യത്തിൽ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണ്.
- സ്കൂൾ മുറ്റത്ത് വൻതോതിൽ ചെളി അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ അത് വെയിലേറ്റ് ഉണങ്ങി പൊടിയായി പറക്കാൻ സാധ്യതയുണ്ടെന്നു കണ്ടാൽ ആരോഗ്യവകുപ്പ് അധികൃതരുമായി ആലോചിച്ച് ആവശ്യമായ മുൻ കരുതൽ സ്വീകരിക്കേണ്ടതാണ്.
- ടോയ്ലറ്റുകളുടെ ശുചിത്വം എല്ലാ ദിവസവും ഉറപ്പു വരുത്തേണ്ടതാണു.
- സ്കൂൾ മതിലുകൾക്ക് വെള്ളം കയറി ബലക്ഷയം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണ്.കുട്ടികൾ അത്തരം മതിലുകളിൽ ചാടിക്കയറാനോ മതിലുകളോട് ചേർന്ന് കളിക്കാനോ അനുവദിക്കരുത്.
- വെള്ളം കയറി ഉപയോഗശൂന്യമായ അരിയും പയറും മറ്റും ഫംഗസ് ബാധയുള്ളതിനാൽ ഉണക്കിയെടുത്ത് ഉപയോഗിക്കരുത്.അവ ഉടൻ തന്നെ നശിപ്പിക്കണം.
- പ്രളയബാധയ്ക്കിരയായ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിത്വം എൽ.എസ്.ജി.ഡി എൻജിനിയർമാരെ കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പ് വരുത്തണം.
- വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ ചെളി,മാലിന്യങ്ങൾ,ജീവികളുടെ അവശിഷ്ടങ്ങൾ എന്നിവ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതാണ്.വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ ദുർഗ്ഗന്ധം വമിക്കുന്ന ചെളി പിന്നീട് വെയിലേറ്റ് ഉണങ്ങി അന്തരീക്ഷ വായുവിനെ മലിനപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ഇപ്പോഴേ സുരക്ഷിതമായ ഏതെങ്കിലും ഭാഗത്ത് കുഴിയെടുത്ത് മൂടുന്നത് നല്ലതായിരിക്കും.
- പല സ്കൂളുകളിലും വെള്ളപ്പൊക്കത്തിൽ നശിച്ച ലൈബ്രറി പുസ്തകങ്ങൾ വാരിക്കൂട്ടി ഇട്ടിരിക്കുന്നതായി കണ്ടു.കുട്ടികളെ ഉപയോഗിച്ച് ഇവ വെയിലത്ത് ഉണക്കാൻ വയ്്പിക്കുകയോ അടുക്കി വയ്്പിക്കുകയോ ചെയ്യരുത്.മാരകമായ അണുക്കളുടെ സ്രോതസ്സായിരിക്കും നനവാർന്ന ഈ പുസ്തകങ്ങൾ.ഉപയോഗ യോഗ്യമല്ലെങ്കിൽ അവ നശിപ്പിച്ചേക്കുക.അപകട സാധ്യതയുള്ളതോ രോഗബാധയുണ്ടാവാനിടയുള്ളതോ ആയ യാതൊരു പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയോ അവരുടെ സേവനം നിർബന്ധിക്കുകയോ ചെയ്യരുത്.
- പ്രളയ ബാധയിൽ നാശം നേരിട്ട സ്കൂൾ ലാബുകളിലെ രാസ വസ്തുക്കളും മറ്റും അപകടകരമായ നിലയിൽ അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- പാഠ പുസ്തകങ്ങൾ,യൂണിഫോം എന്നിവ നഷ്ടപ്പെട്ട കുട്ടികൾ നേരത്തേ നിർദ്ദേശിച്ച പ്രകാരം ഈ മാസം 31 നു മുൻപ് സ്കൂളിൽ വിവരം റിപ്പോർട്ട് ചെയ്യണം.29 നു തുറക്കാൻ കഴിയാത്ത സ്കൂളിലെ വിദ്യാർത്ഥികൾ അതാത് സ്കൂൾ തുറന്ന് മൂന്നു ദിവസത്തിനകം റിപ്പോർട്ട് ചെയ്താൽ മതിയാവും.
- നോട്ട് ബുക്കുകൾ,ഇൻസ് ട്ര മെന്റ്ബോക്സ്,സ്കൂൾ ബാഗ്,ഷൂസ് എന്നിവ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രാദേശികതലത്തിലോ ജില്ലാതലത്തിലോ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ / സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സ്പോൺസർഷിപ്പിലൂടെ അവ ലഭ്യമാക്കാൻ ഡിഡി,ഡി ഇ ഒ,എ ഇ ഒ ,ഡി പി ഒ തുടങ്ങിയ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥന്മാർ ശ്രമിക്കേണ്ടതാണ്.
- വിദ്യാഭ്യാസ വകുപ്പ് സ്പോൺസർ ഷിപ്പിലൂടെ സമാഹരിച്ച് ജില്ലയിൽ എത്തിക്കുന്ന നോട്ട് ബുക്കുകൾ,ഷൂസ്,മറ്റ് പഠനോപകരണങ്ങൾ എന്നിവ പ്രളയ ബാധിത പ്രദേശങ്ങളിലെ എല്ലാ വിദ്യാലയങ്ങളിലും ആവശ്യക്കാരായ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാൻ ഡി ഡി മാർ ഡി ഇ ഒ മാർ എ ഇ ഒ മാർ തുടങ്ങിയവർ നടപടി സ്വീകരിക്കേണ്ടതാണ്.
- മേൽ പറഞ്ഞ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തേണ്ടതാണ്.വാട്ട് സ് ആപ്പ് ഗ്രൂപ്പുകൾ ,ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴി ഈ നിർദ്ദേശങ്ങൾക്ക് പരമാവധി പ്രചാരണം നൽകേണ്ടതാണ്.