സ്കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ പറഞ്ഞു. വീടിന്റെ സുരക്ഷിതത്വത്തില്‍നിന്നു തിങ്ങി നിറഞ്ഞ ബസുകളിലും ക്ലാസ് മുറികളിലും എത്തുന്ന കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ സ്കൂള്‍ അധികൃതരും മാതാപിതാക്കളും കൂടുതല്‍ ശ്രദ്ധിക്കണം.
പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ്, എക്സൈസ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് സ്കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തും.
- ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
- സ്കൂളില്‍ പോകുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുട്ടികള്‍ കുടിക്കുന്നുവെന്ന് ഉറപ്പാക്കണം.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടേണ്ടതുണ്ട്. കുട്ടികള്‍ക്ക് എല്ലാ ദിവസവും വൃത്തിയുള്ള തൂവാല കൊടുത്തയയ്ക്കാന്‍ മറക്കരുത്.
- പനിയോ ജലദോഷമോ ബാധിച്ച കുട്ടികളെ യാതൊരു കാരണവശാലും സ്കൂളില്‍ അയയ്ക്കരുത്. കുട്ടിക്ക് വിദഗ്ധ ചികിത്സയും ആവശ്യത്തിന് വിശ്രമവും പാനീയങ്ങളും നല്‍കണം.
- തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ക്കു കഴിക്കാന്‍ നല്‍കരുത്. പുറമേനിന്ന് കുട്ടികള്‍ ഭക്ഷണസാധങ്ങള്‍ വാങ്ങിക്കഴിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
- ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും നിര്‍ബന്ധമായും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം.
- ജൂണ്‍ 5, 12, 19 തീയതികളില്‍ സ്കൂളില്‍ നടക്കുന്ന ശുചീകരണ-കൊതുകുനിവാരണ പ്രവര്‍ത്തങ്ങളില്‍ സജീവമായി പങ്കെടുക്കുക.
- വീടുകളില്‍ കൊതുക് വളരുന്നതരത്തില് ഒരിടത്തും ശുദ്ധ ജലം കെട്ടിനില്‍ക്കുന്നില്ലെന്ന് എന്നുറപ്പാക്കണം.
- സ്കൂള്‍ കഴിഞ്ഞു വന്നാല്‍ നിര്‍ബന്ധമായും കൈയും മുഖവും കാലുകളും കഴുകിയശേഷം മാത്രം വീട്ടില്‍ പ്രവേശിപ്പിക്കണം.
- അഞ്ച്, പത്ത് വയസുകളില്‍ സ്വീകരിക്കേണ്ട പ്രതിരോധ കുത്തിവയ്പ്പുകള്‍ കുട്ടികള്‍ക്കു കൃത്യമായി നല്‍കണം.
- കുട്ടികള്‍ ആറു മുതല്‍ എട്ടു വരെ മണിക്കൂര്‍ ഉറക്കവും 45 മിനിറ്റ് വ്യായാമവും ശീലിപ്പിക്കണം.
സ്കൂളുകളുടെ 100 വാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ വില്ക്കുകയോ ചെയ്യുന്നത് തടയാന്‍ സ്കൂള്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണം.
സ്കൂളിലെ കുടിവെള്ള സ്രോതസുകള്‍ ഗുണനിലവാര പരിശോധന നടത്തുകയും ശാസ്ത്രീയമായി അണുശീകരണം നടത്തുകയും പരിസരം ശുചിയായി സൂക്ഷിക്കുകയും വേണം.