തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും. പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഈ വർഷം മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാംക്ലാസിലേക്ക് എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചു.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി.
ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ ഓൾപാസ് എന്ന രീതി മാറ്റുകയും പഠനവും പരീക്ഷയും കുറ്റമറ്റരീതിയിലാക്കുകയും ചെയ്യും. പത്താം ക്ലാസിൽ എല്ലാവിഷയത്തിനും മിനിമം മാർക്കുവേണമെന്ന തീരുമാനവും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.