തൃശൂർ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം കൊടകര ചെന്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആറിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. “അക്കാദമിക മികവ് വിദ്യാലയ മികവ്’ എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ചാണ് പ്രവേശനോത്സവം ആഘോഷിക്കുന്നത്.
രാവിലെ 9.30നു നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽ കുമാർ, ടി.എൻ. പ്രതാപൻ എംപി എന്നിവർ സംസാരിക്കും. “മന്ത്രിയോടൊപ്പം ക്ലാസിലേക്ക്’ എന്ന പരിപാടിയുടെ ഭാഗമായി ഒന്ന്, 11 ക്ലാസുകളിലേക്കു പ്രവേശനം നേടിയ കുട്ടികളെ മന്ത്രി സി. രവീന്ദ്രനാഥ് വരവേൽക്കും.
പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കാൻ പേപ്പർ ബാഗുകളും വിത്തുപേനകളും ആശംസാ കാർഡുകളും കമ്മിറ്റി തയാറാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 18 ബിആർസികളിലും 86 പഞ്ചായത്തുകളിലും ഏഴു മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും 942 സ്കൂളുകളിലും അന്നേദിവസം പ്രവേശനോത്സവം വിപുലമായി നടത്തും.
ജില്ലാ പഞ്ചായത്ത് മെന്പർ ജയന്തി സുരേന്ദ്രൻ, ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ ബിന്ദു പരമേശ്വരൻ, ജെയിംസ് പി. പോൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.