തൃശൂർ: വേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. ചരിത്രത്തിലാദ്യമായി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ച് അധ്യായനം ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ ജില്ലയിലെ ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നിർവഹിച്ചു. ഓണാവധിക്കു മുന്‍പ് ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകൾ ഹൈടെക്ക് ആക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സ്കൂളുകൾ ലഹരി വിമുക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും പറഞ്ഞു. നീന്തൽപരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും ഇതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തൽക്കുളം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ സ്കൂളുകളിലും വർണാഭമായാണ് പ്രവേശനോത്സവത്തിന് തുടക്കമായത്. അതേസമയം, ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ പ്രതിഷേധവും ശക്തമാണ്. പ്രവേശനോത്സവത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുകയാണ്. ഇതിനിടെ കോഴിക്കോട് ജില്ലയിലെ പ്രവേശനോത്സവത്തിനിടെ കെഎസ്യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത് നേരിയ സംഘർഷത്തിന് കാരണമായി.