പിറവം: പുതു അധ്യായന ദിവസത്തിൽ എല്ലാ വിദ്യാർഥികൾക്കും സൗജന്യ യാത്രയൊരുക്കിയ സ്വകാര്യ ബസ് ശ്രദ്ധേയമായി. കൂത്താട്ടുകുളം-പിറവം-എറണാകുളം റൂട്ടിലോടുന്ന “അഷ്റിക’ ബസാണ് സൗജന്യമായി സർവീസ് നടത്തിയത്. ബസിന്റെ മുന്നിൽ വിദ്യാർഥികൾക്ക് പുതു അധ്യായന വർഷത്തിലേക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് യാത്ര സൗജന്യമാണന്നുള്ള ഫ്ളക്സ് ബാനറും സ്ഥാപിച്ചിരുന്നു.
കൂടാതെ ബസിൽ കയറിയ വിദ്യാർഥികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തിരുന്നു. അഷ്റിക് സർവീസിന്റെ അഞ്ചോളം ബസുകൾ പിറവം മേഖലയിൽ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസ് ജീവനക്കാരും വിദ്യാർഥികളുമായുള്ള അകൽച്ച കുറക്കുവാനും അധ്യായന ദിവസങ്ങളിൽ ശുഭയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ യാത്രയൊരുക്കിയതെന്ന് ബസ് ഉടമയായ പിറവം സ്വദേശി ഏലിയാസ് ഇടയത്തുപാറ പറയുന്നു. ഇദേഹം വർഷങ്ങളോളം സ്വകാര്യ ബസ് ഡ്രൈവറായി ജോലി നോക്കിയിട്ടുള്ളതാണ്.
വൈപ്പിൻ: വിദ്യാർഥി-ബസ് തൊഴിലാളി സൗഹൃദത്തിന്റെ ഭാഗമായി പ്രവേശനോത്സവ ദിനത്തിൽ സൗജന്യ ബസ് യാത്ര ഒരുക്കി ദോസ്ത് ഗ്രൂപ്പ് രക്ഷിതാക്കളുടെയും അധ്യാപക സമൂഹത്തിന്റെയും കൈയടി നേടി. ആറ് സ്വകാര്യ ബസുകളുള്ള വൈപ്പിനിൽ എടവനക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ദോസ്ത് ഗ്രൂപ്പാണ് വിദ്യാർഥികൾക്ക് സൗജന്യയാത്ര ഒരുക്കി ശ്രദ്ധയാകർഷിച്ചത്.
കൊടുങ്ങല്ലൂർ-എറണാകുളം, മുനന്പം-എറണാകുളം, പറവൂർ-എറണാകുളം എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഇവരുടെ ബസുകളിലെല്ലാം തന്നെ ഇന്നലെ സ്കൂൾ- കോളജ് തലങ്ങളിലെ വിദ്യാർഥികൾക്ക് യാത്ര സൗജന്യമായിരുന്നു. കൊടുങ്ങല്ലൂർ-എറണാകുളം റൂട്ടിൽ ഇവരുടെ ഒരു പുതിയ ബസ് സർവീസിനിറങ്ങിയ ദിവസം കൂടിയായിരുന്നു ഇന്നലെ. ആറു ബസുകളിലുമായി ഉദേശം 2000 വിദ്യാർഥികളാണ് ഇന്നലെ സൗജന്യ യാത്ര ചെയ്തതെന്ന് ദോസ്ത് ബസ് സർവീസ് ഗ്രൂപ്പിന്റെ മാനേജിംഗ് പാർട്ണർ മുഹമ്മദ് ഷാനവാസ് പറയുന്നു. ആഷിക്, അനിൽകുമാർ, ഷെമീർ എന്നിവരാണ് മറ്റ് പാർട്ണർമാർ.