ആലപ്പുഴ: സ്കൂൾ പാചക തൊഴിലാളികൾക്ക് മിനിമം വേതനം നൽകാനുള്ള തൊഴിൽ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കത്തതിനെതിരെ സെക്രട്ടറിയേറ്റ് പടിക്കൽ 101 മണിക്കൂർ കഞ്ഞിവച്ച് പാചകത്തൊഴിലാളികൾ പ്രതിഷേധിക്കുന്നു. സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ എഐടിയുസി നേതൃത്വത്തിലാണ് 17 മുതൽ 21 വരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം സംഘടിപ്പിച്ചിരിക്കുന്നത്.
എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനാണ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുന്നത്. വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഭാഗമായി 30,000ത്തിലധികം തൊഴിലാളികളാണ് മൂന്നു പതിറ്റാണ്ടായി ജോലി നോക്കുന്നത്.
മധ്യവേനൽ അവധിയുൾപ്പെടെയുള്ള സ്കൂൾ അവധി സമയത്ത് വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ജീവനക്കാർക്ക് മുഴുവൻ ശന്പളവും ആനൂകൂല്യം ലഭിക്കുന്പോൾ ജോലിയും വേതനവുമില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്നാണ് തൊഴിലാളികൾ പറയുന്നത്. ചികിത്സ ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമല്ല.
500 കുട്ടികളുള്ള സ്കൂളിൽ ലഘുഭക്ഷണവും പാകം ചെയ്യുന്നതിനായി ഒരു തൊഴിലാളിയെയാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് തനിച്ച് സാധ്യമല്ലാത്തതിനാൽ ഭൂരിഭാഗം സ്കൂളുകളിലും മറ്റൊരാളെ സഹായത്തിന് വയ്ക്കുകയും ലഭിക്കുന്ന ദിവസക്കൂലി പങ്കിട്ടെടുക്കുകയും ചെയ്യുകയാണ്.
പാചക തൊഴിലാളികൾ നിരന്തരമായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് മിനിമം വേതനം ലഭ്യമാക്കാൻ വേജസ് അഡ്വൈസറി ബോർഡ് സർക്കാരിന് ശിപാർശ ചെയ്തത്. ഇത് അംഗീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് മധ്യവേനലവധി സമയത്ത് തൊഴിലാളികൾ സമരത്തിനിറങ്ങിയിരിക്കുന്നത്.