തൃശൂർ: ഇത്തവണയെങ്കിലും ഓണത്തിനുമുന്പേ ശന്പളക്കുടിശിക നേടിയെടുക്കാൻ സത്യഗ്രഹസമരത്തിനൊരുങ്ങി സ്കൂൾ പാചകത്തൊഴിലാളികൾ. സമരം നടത്തിയാലെ സർക്കാർ ശന്പളക്കുടിശിക നല്കൂവെന്നു തിരിച്ചറിഞ്ഞ് ഇടതുപക്ഷ സംഘടനയായ സ്കൂൾ പാചകത്തൊഴിലാളി യൂണിയനാണ് (എഐടിയുസി) സമരം നടത്തുന്നത്.
സെപ്റ്റംബർ ഏഴിന് എല്ലാ ഡിഡി ഓഫീസുകൾക്കും ഡിഐജി ഓഫീസുകൾക്കും മുന്പിലാണു സത്യഗ്രഹമിരിക്കുക. നിലവിൽ ജൂലെെ മാസത്തെ ശന്പളം കുടിശികയുള്ള പാചകത്തൊഴിലാളികൾ ഓണത്തിനുമുന്പേ ഓഗസ്റ്റിലെ ശന്പളവും കിട്ടാൻ സാധ്യതയില്ലെന്ന് അറിയാവുന്നതിനാലാണ് അത്തപ്പിറ്റേന്ന് സത്യഗ്രഹമിരിക്കുന്നത്.
പണിയെടുത്താൽ ശന്പളവും ആനുകൂല്യങ്ങളും നേരാവണ്ണം തരാത്ത കേരള മോഡൽ വേണ്ട, തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് പെൻഷനും ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യങ്ങളും കൊടുക്കുന്ന തമിഴ്നാട് മോഡൽ മതിയെന്നാണു മുദ്രാവാക്യം. വർഷങ്ങളായി ശന്പളം കൃത്യമായി നല്കാത്ത ഇടതുസർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടിയിൽ സഹികെട്ടാണ് രാഷ്ട്രീയം നോക്കാതെ എഐടിയുസി സമരത്തിനിറങ്ങിയത്.
22 പ്രവൃത്തിദിവസങ്ങളുള്ള സ്കൂൾ പാചകത്തൊഴിലാളിക്ക് മാസം പരമാവധി 13,200 രൂപയാണു കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി നല്കുന്നത്. ഇതിൽ കേന്ദ്രവിഹിതം ഒരു മാസത്തേക്ക് 600 രൂപയും സംസ്ഥാനവിഹിതം 12,600 രൂപയുമാണ്. സംസ്ഥാനം ഒരുദിവസത്തേക്ക് 572.727 രൂപ നല്കുന്നുണ്ട്.
അഞ്ഞൂറു കുട്ടികൾക്ക് ഒരു തൊഴിലാളി നിരക്കിലാണ് ഇത്രയും തുക അനുവദിക്കുന്നത്. എന്നാൽ സഹായത്തിന് വേറെയും ആളുകളെ തൊഴിലാളിയുടെ സ്വന്തം ഉത്തരവാദിത്വത്തിൽ വയ്ക്കേണ്ടിവരുന്നതിനാൽ നാലിലൊന്നു തൊഴിലാളികൾക്കുപോലും ഈ തുക കിട്ടുന്നില്ല. മുന്നൂറുരൂപയാണു പലപ്പോഴും തൊഴിലാളിക്കു കിട്ടുന്നത്.
മാസം അറുന്നൂറു രൂപ കേന്ദ്രവിഹിതവും നാന്നൂറു രൂപ സംസ്ഥാന വിഹിതവുമായി ആയിരം രൂപയാണ് പാചകത്തൊഴിലാളിക്കു കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഇവരെ തൊഴിലാളികളായി അംഗീകരിക്കാതെ സന്നദ്ധ പ്രവർത്തകരായാണു കേന്ദ്രം വിലയിരുത്തുന്നത്.
പലപ്പോഴും കേന്ദ്രവിഹിതം ലഭിച്ചിച്ചെന്നു പറഞ്ഞ് സംസ്ഥാന സർക്കാർ പാചകത്തൊഴിലാളികളുടെ തുച്ഛമായ വേതനത്തിൽനിന്ന് ആയിരം രൂപ കുറച്ചാണു കൊടുക്കുന്നത്. കേന്ദ്രത്തിൽ പരാതിപ്പെട്ടാൽ പറയുന്നത് പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം വഴി നല്കുന്ന ശന്പളത്തിന്റെ കണക്കുകൾ യഥാസമയം ലഭിക്കുന്നില്ലെന്നാണ്.
സ്വന്തം ലേഖകൻ