പാലോട്: പുതിയ അധ്യായന വര്‍ഷത്തില്‍ ചിൽഡ്രൻസ് പാർക്കിൽ പുതിയ കളിഉപകരണങ്ങൾ എത്തുമെന്നു കരുതി കാത്തിരുന്ന കുട്ടികള്‍ക്ക് പഞ്ചായത്ത് നല്‍കിയത് കല്ലുകെട്ടുമാത്രം.പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂര്‍ ജവഹര്‍ എല്‍പിസ്കൂളിലാണ് കുട്ടികളുടെ പാര്‍ക്ക് നിർമിക്കാനെത്തിയവര് കല്ലുകെട്ടി മണ്ണുമിട്ട് പണി പാതിവഴിയിലാക്കി മടങ്ങിയത്. തറനിരത്തി കല്ലുകെട്ടിയപ്പോഴേക്കും പണം തീര്‍ന്നുവെന്ന് പറഞ്ഞ് കരാറുകാരന് പണി നിറുത്തുകയായിരുന്നു. ആറുലക്ഷം രൂപയാണ് നിർമാണത്തിനായി ചെലവിട്ടത്. എന്നാൽ പാർക്കിന്റെ പണി എങ്ങുമെത്തിയില്ല.
ഇതോടെ നിർമാണത്തില്‍ വ്യാപക അഴിമതിയുണ്ടെന്നു കാട്ടി യുവജന സംഘടനകള്‍ പരാതിയുമായെത്തി. സ്കൂള്‍ നവീകരണത്തിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും കുട്ടികളുടെ പാര്ക്കിന് ആറുലക്ഷം രൂപ അനുവദിച്ചത്. കിണറിനോട് ചേര്‍ന്ന ഭാഗത്ത് കല്ലുകെട്ടി മണ്ണിട്ട് പാര്‍ക്ക് നിർമിക്കാനായിരുന്നു എസ്റ്റിമേറ്റ് തയാറാക്കി പണം അനുവദിച്ചത്. എന്നാല്‍ കുറച്ചു ഭാഗം കല്ലുകെട്ടി മണ്ണിട്ടു കഴിഞ്ഞപ്പോള്‍ അനുവദിച്ചിരുന്ന ആറു ലക്ഷം രൂപ പൂർത്തിയായി എന്ന് പറഞ്ഞ് കരാറുകാരൻ പണി നിറുത്തുകയായിരുന്നു.
സീസോ, ഊഞ്ഞാല് തുടങ്ങി ആധുനിക കളിയുപകരണങ്ങള്‍ സ്ഥാപിക്കാനാണ് ആറ് ലക്ഷം അനുവദിച്ചത്. എന്നാല്‍ പതിനായിരം രൂപചെലവിട്ടു വാങ്ങാവുന്ന ഒരു കളിയുപകരണം പോലും ഇവിടെ സ്ഥാപിക്കാതെയാണ് കരാറുകാരന് പണിനിര്‍ത്തി പോയത്. മാത്രമല്ല കുട്ടികള്‍ ഓടിക്കളിച്ചിരുന്ന സ്ഥലത്ത് കരിങ്കല്ലുകള്‍ അലക്ഷ്യമായി ഉപേക്ഷിക്കുകയും ചെയ്തു. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍.
നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പഞ്ചായത്തിന്റെ ഓവര്‍സീയര്‍, എഇ എന്നിവര്‍ ഇവിടെയുണ്ടായിരുന്നു. ഇവരും എസ്റ്റിമേറ്റില്‍ പറഞ്ഞിരുന്ന പണിചെയ്യാന്‍ തയാറായില്ല എന്ന് രക്ഷിതാക്കള്‍ പറയുന്നു. കല്ലുകെട്ടിയ സ്ഥലത്ത് മണ്ണിട്ടു പൊക്കിയപ്പോള്‍ നിലവിലുണ്ടായിരുന്ന കിണറിന്റെ ആള്‍മറ മണ്ണിനടിയിലായി.
ഇത് കുട്ടികള്‍ക്ക് അപകടം വരുത്തും എന്നു മനസിലാക്കി അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് 10,000 രൂപ ശേഖരിച്ച് ആള്‍മറ പൊക്കിക്കെട്ടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എസ്റ്റിമേറ്റില്‍ പറഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവായതിനാലാണ് കുട്ടികളുടെ പാര്‍ക്ക് നിർമാണം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതെന്ന് പഞ്ചായത്ത് എഇ പറയുന്നു.