ഉത്തർപ്രദേശിൽ പിഎസ്സി നടത്തിയ റിവ്യു ഓഫീസർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണവിധേയയായ സ്കൂൾ പ്രിൻസിപ്പലിനെ ജീവനക്കാരും സഹ അധ്യാപകരും ചേർന്നു ബലമായി മാറ്റി പുതിയ പ്രിൻസിപ്പൽ ചുമതലയേറ്റതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. യുപിയിലെ പ്രയാഗ്രാജിൽ ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) യുടെ ഉടമസ്ഥതയിലുള്ള ബിഷപ് ജോണ്‍സ് ഗേൾസ് സ്കൂളിലായിരുന്നു സംഭവം.
പാരുൾ സോളമൻ എന്ന പ്രിൻസിപ്പൽ കസേരയിൽനിന്നു മാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് കസേരയോടെ നീക്കിയശേഷം അവരെ ഉന്തി മാറ്റുന്നതും കസേര തിരിച്ചെത്തിച്ച് ഷെർലിൻ മാസി എന്ന പുതിയ വനിതാ പ്രിൻസിപ്പൽ കസേരയിൽ ഇരിക്കുന്നതും വീഡിയോയിലുണ്ട്. പുതിയ പ്രിൻസിപ്പലിനെ അധ്യാപകരും മാനേജ്മെന്റും കൈയടിച്ച് അഭിനന്ദിക്കുന്നതും 2.20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. കോടികളുടെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ നേരിട്ടു പങ്കുള്ളതിനാലാണ് പ്രിൻസിപ്പലിനെ നീക്കിയതെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചാ അഴിമതിയിൽ അറസ്റ്റിലായ 10 പേരിൽ ഇതേ സ്കൂളിലെ പരീക്ഷാ സെന്റർ അഡ്മിനിസ്ട്രേറ്ററും ഉണ്ടായിരുന്നു.
അഴിമതിക്കാരെ സംരക്ഷിക്കാനാകില്ലെന്നാണ് സംഭവത്തെക്കുറിച്ച് സിഎൻഐ ലക്നോ ബിഷപ് മൗറിസ് എഡ്ഗർ ഡാൻ പ്രതികരിച്ചത്. പാരുളിനെ പുറത്താക്കിയതായും ഷെർലിനെ പുതിയ പ്രിൻസിപ്പലായും നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാരുളിന്റെ കാലത്ത് സ്കൂളിൽനിന്ന് 2.4 കോടി രൂപയുടെ തിരിമറി ഉണ്ടായെന്നും മൗറിസ് പറഞ്ഞു. അതേസമയം, ശാരീരികമായി മോശമായി പെരുമാറിയെന്ന പാരുളിന്റെ പരാതിയിൽ പ്രയാഗ്രാജ് പോലീസ് കേസെടുത്തിട്ടുണ്ട്.
यह प्रयागराज के बिशप जॉनसन गर्ल्स स्कूल का दृश्य है। यहां पर प्रिंसिपल की अदला-बदली कुछ इसी तरह होती है।
— Samiratmaj Mishra (@SamiratmajM) July 5, 2024
पहले दरवाजा तोड़कर प्रिंसिपल के कमरे में घुसा जाता है, प्रिंसिपल की कुर्सी छीनी जाती है, धक्का मार कर बाहर किया जाता है और फिर नए प्रिंसिपल को कुर्सी पर बैठाया जाता है। pic.twitter.com/M0aEfMlkp0