സ്കൂളിന് മുമ്പില് ബസ് നിര്ത്താതെ പോകുന്ന സംഭവങ്ങള് ആവര്ത്തിക്കുമ്പോള് നെഞ്ചും വിരിച്ച് അത്തരത്തിലൊരു ബസ് തടഞ്ഞ ഒരു പ്രിന്സിപ്പലാണ് ഇപ്പോള് വാര്ത്തകളില് നിറയുന്നത്.
മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പിടിഎം എച്ച്എസ്എസ് പ്രിന്സിപ്പല് ഡോ. സക്കീര് എന്ന സൈനുദ്ദീനാണ് ബസ് തടഞ്ഞത്.
ഇദ്ദേഹം പ്രിന്സിപ്പല്മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമാണ്. സംഘര്ഷ സാധ്യത മുന്നില്ക്കണ്ട് കൂടുതല് ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച് റോഡിലിറങ്ങുകയായിരുന്നു.
കോഴിക്കോട് -പാലക്കാട് റൂട്ടില് സര്വിസ് നടത്തുന്ന ‘രാജപ്രഭ’ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പില് നിര്ത്തുന്നില്ലെന്നും വിദ്യാര്ഥികള്ക്ക് അപകടകരമാം അമിതവേഗതയില് ഓടിച്ചു പോകുന്നുവെന്നും പരാതി ഉയര്ന്നിരുന്നു.
ഇത് സംബന്ധിച്ച് പരാതി പോലീസില് നല്കിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും സക്കീര് പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് തടയാന് ശ്രമം നടത്തിയെങ്കിലും അമിതവേഗതയില് കടന്നു പോയി.
ഇതേ തുടര്ന്ന് റോഡിലെ ഡിവൈഡര് ക്രമീകരിച്ചാണ് പ്രിന്സിപ്പല് ബസിനെ ‘പിടികൂടിയത്’. ബസ് തടയുന്ന രംഗം സോഷ്യല് മീഡിയയില് ഇപ്പോള് തരംഗമായിരിക്കുകയാണ്.
കാണികളില് ഒരാള് പകര്ത്തിയ രംഗങ്ങള് നിരവധി പേരാണ് ഷെയര് ചെയ്തിരിക്കുന്നത്. അതേസമയം, ഈ മാസം ആദ്യം പാലക്കാട് കൂറ്റനാട് സ്വകാര്യ ബസിന്റെ മരണയോട്ടത്തിനെതിരേ വാഹനം പിന്തുടര്ന്ന് തടഞ്ഞു നിര്ത്തി സാന്ദ്ര എന്ന പെണ്കുട്ടി പ്രതിഷേധിച്ചിരുന്നു.
സാന്ദ്രയുടെ സ്കൂട്ടറിനെ അമിത വേഗത്തില് മറികടന്ന ബസില് നിന്നും സാന്ദ്ര രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.
തുടര്ന്ന് ഇതെക്കുറിച്ച് അന്വേഷിച്ച പട്ടാമ്പി ജോയിന്റ് ആര്ടിഒ നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ആര്ടിഒ ഡ്രൈവര്ക്ക് താത്ക്കാലിക വിലക്ക് ഏര്പ്പെടുത്തിയ നടപടി സ്വീകരിച്ചത്.