പതിറ്റാണ്ടുകൾക്കു മുമ്പ് നഷ്ടപ്പെട്ട പഴ്സ് 82കാരിയായ ഉടമയ്ക്ക് തിരികെ ലഭിച്ചു. മർത്ത എവറെറ്റ് എന്നു പേരുള്ള വൃദ്ധയ്ക്കാണ് വർഷങ്ങൾക്കു മുമ്പ് 1955ൽ വിദ്യാർഥിയായിരുന്നപ്പോൾ നഷ്ടമായ പഴ്സ് തിരികെ ലഭിച്ചത്.
അറുപത്തി നാല് വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ ഇന്ത്യാനയിലുള്ള ജെഫെർസ്ഓണ് വില്ല ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴാണ് മർത്തയ്ക്ക് പേഴ്സ് നഷ്ടമായത്. ഇത് കണ്ടെത്താൻ മർത്ത ഏറെ തെരഞ്ഞുവെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് അവർ തന്റെ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.
വർഷങ്ങൾ കഴിഞ്ഞ് അടുത്തിടെ സ്കൂളിലെ പഴയ കെട്ടിടത്തിൽ അറ്റകൂറ്റപ്പണി നടത്തുന്നതിനിടെയാണ് ഈ പഴ്സ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിലെ സയൻസ് ക്ലാസ് റൂമിലായിരുന്നു ഈ പഴ്സ് കിടന്നിരുന്നത്. തുടർന്ന് മർത്തയെ കണ്ടെത്തി പഴ്സ് തിരികെ നൽകണമെന്ന് തീരുമാനിച്ചുറപ്പിച്ച സ്കൂൾ അധികൃതർ അതിനായി സ്വീകരിച്ചത് സോഷ്യൽമീഡിയയുടെ സഹായമായിരുന്നു.
സ്കൂൾ അധികൃതരുടെ കുറിപ്പ് സോഷ്യൽമീഡിയയിൽ കണ്ട മർത്തയുടെ ഒരു ബന്ധു ഇവരുമായി ബന്ധപ്പെടുകയും പിന്നീട് മർത്തയുമായി ബന്ധപ്പെടാൻ അധികൃതരെ സഹായിക്കുകയും ചെയ്തു.മർത്ത ഇപ്പോൾ താമസിക്കുന്നത് ഫ്ളോറിഡയിലാണ്. പഴ്സ് ഉടൻ തന്നെ ഇവർക്ക് അയച്ചു നൽകുമെന്നും അധികൃതർ അറിയിച്ചു.