തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തിലേക്കുള്ള സ്കൂൾ കുട്ടികളുടെ രജിസ്ട്രേഷൻ ഇപ്പോൾ നടത്തേണ്ടതില്ലെന്നു മുഖ്യമന്ത്രിയുടെ നിർദേശം. രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ കൊറോണ കാലം കഴിഞ്ഞുമതിയെന്നും കുട്ടികൾ ഇപ്പോൾ വീട്ടിൽ സമയം ചെലവഴിക്കട്ടെയെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അടുത്ത അധ്യയന വർഷത്തിലേക്കു കുട്ടികളെ ചേർക്കുന്നതിന് ചില സ്കൂളുകൾ ഓണ്‍ലൈനിൽ അപേക്ഷ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.
അത് ഇപ്പോൾ വേണ്ട, കൊറോണ കാലം കഴിഞ്ഞുമതി എന്നാണു സർക്കാരിനു പറയാനുള്ളത്. കുട്ടികൾ ഇപ്പോൾ വീട്ടിലിരിക്കുകയാണ് വേണ്ടത്. അവർ വീട്ടിൽ നല്ല രീതിയിൽ സമയം ചെലവഴിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില സ്ഥാപനങ്ങൾ ഇപ്പോൾതന്നെ ഫ്രീയായി ഓണ്‍ലൈൻ ക്ലാസുകൾ നൽകുന്നുണ്ട്. കുട്ടികൾക്ക് ഓണ്‍ലൈൻ കോഴ്സിനു ചേരാം. വേണമെങ്കിൽ മുതിർന്നവർക്കും അത്തരം കോഴ്സുകൾക്കു ചേർന്നു തുടർപഠനം നടത്താമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു.