തിരുവനന്തപുരം: ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്കൂൾതുറക്കലിനു മുന്നോടിയായി സ്കൂളിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശിച്ചു.
അധ്യയനവർഷം തുടങ്ങുന്നതിനു മുന്‍പ് എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കണം.
ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം. സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ മാറ്റണം. സ്കൂളിലേക്കുളള വഴി, പരിസരം എന്നിവിടങ്ങളിൽ അപകടാവസ്ഥയിലുള്ള വൈദ്യുത പോസ്റ്റുകൾ, വൈദ്യുതി കന്പികൾ എന്നിവ ഒഴിവാക്കണം.
സ്കൂൾ ബസുകൾ, സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.
സ്കൂൾ പരിസരത്ത് ലഹരിപദാർഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്സൈസും പോലീസും നിശ്ചിത ഇടവേളകളിൽ കടകളും മറ്റും പരിശോധിക്കണം.
രക്ഷാകർത്താകളെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ബോധവത്കണ ക്ലാസ് സംഘടിപ്പിക്കും. ജൂണ്‍ 26ന് ആന്റിനാർക്കോട്ടിക് ദിനത്തിൽ കുട്ടികളുടെ പാർലമെന്റ് നടത്തണം. ഒക്ടോബർ രണ്ടിന് കുട്ടികളുടെ താമസസ്ഥലങ്ങളിൽ ജനങ്ങളെകൂടി പങ്കെടുപ്പിച്ചു സംവാദസദസ് നടത്തും. നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ എത്തിക്കും. നവംബർ 14ന് പ്രത്യേക ശിശുദിന അസംബ്ലി ചേരും.
‘തെളിവാനം വരയ്ക്കുന്നവർ’ എന്ന കൈപുസ്തകത്തെ ആസ്പദമാക്കി തയാറാക്കിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കണം. എല്ലാ സർക്കാർ-അർധ സർക്കാർ-പൊതുമേഖല-സഹകരണ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പോസ്റ്റർ പതിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.