അധ്യാപകർ ഹാജർ രേഖപ്പെടുത്തുവാനായി രജിസ്ട്രറിൽ ഒപ്പിടുകയോ പഞ്ചിംഗ് ഉപകരണം ഉപയോഗിക്കുകയാ ചെയ്യുന്നതാണ് പതിവ്. എന്നാൽ ഇതെല്ലാം പഴങ്കതയാക്കി നൂതന വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ്. ക്ലാസ് തുടങ്ങുന്നതിനു മുൻപ് നിശ്ചിത സമയത്ത് അധ്യാപകരെല്ലാം സെൽഫി ചിത്രമെടുത്ത് ഉന്നത അധികാരിക്ക് അയച്ച് നൽകിയാണ് ഇവർ ഹാജർ രേഖപ്പെടുത്തുന്നത്.
ഉത്തർപ്രദേശിലെ ബരബാങ്കിയിലെ ജില്ലാ വിദ്യാഭ്യാസ വകുപ്പാണ് ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. കൃത്യസമയത്ത് സ്കൂളിൽ എത്താതിരിക്കുകയും അനാവശ്യമായ അവധികളെടുക്കുകയും ചെയ്യുന്ന അധ്യാപകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അധ്യാപകർ സെൽഫി എടുത്ത് അയച്ച് നൽകിയില്ലെങ്കിൽ അവരുടെ ആ ദിവസത്ത ശമ്പളം വെട്ടിക്കുറയ്ക്കും. കൂടാതെ ജോലി സമയത്ത് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന അധ്യാപകരും നടപടി നേരിടും. എല്ലാ ദിവസവും രാവിലെ എട്ടിന് മുൻപ് അധ്യാപകർ സെൽഫി അയച്ച് നൽകണമെന്നാണ് കർശന നിർദ്ദേശം.
ഈ പദ്ധതി നടപ്പിലാക്കി രണ്ടു മാസങ്ങളായെങ്കിലും കൃത്യസമയത്ത് സെൽഫി അയച്ച് നൽകാത്തതിനാൽ ഇതുവരെ 700 അധ്യാപകർക്ക് തങ്ങളുടെ ശമ്പളം നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുഗ്രാമങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്കൂളുകളിലെ അധ്യാപകർ അനാവശ്യമായി അവധിയെടുക്കുന്നതായും തങ്ങൾക്ക് പകരം മറ്റ് ആളുകളെ വച്ച് കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഈ പ്രവണത അവസാനിപ്പിക്കാനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
എന്നാൽ ഈ സെൽഫി പദ്ധതിക്കെതിരെ സ്വരമുയർത്തിയും അധ്യാപകർ രംഗത്തെത്തിയിരുന്നു. വീട്ടു ജോലികൾ തീർത്ത് ഗതാഗതകുരുക്കിലൂടെ സ്കൂളിലെത്തി എട്ടിന് മുമ്പിൽ സെൽഫിയെടുക്കുവാൻ വളരെയധികം ബുദ്ധിമുട്ടാണെന്നാണ് അവരുടെ വാദം. കൂടാതെ ഇന്റർനെറ്റ് കണക്ഷൻ വളരെ മോശമാണെന്നും അതിനാൽ ചിത്രങ്ങൾ അയച്ച് നൽകുവാൻ വളരെയധികം ബുദ്ധിമുട്ടുന്നുവെന്നും അധ്യാപകർ വ്യക്തമാക്കുന്നു.