സ്വന്തംലേഖകൻ
തൃശൂർ: സ്കൂളുകൾ തുറക്കുന്പോൾ എത്ര കുട്ടികൾ എത്തുമെന്ന കണക്കെടുപ്പിൽ ഭൂരിഭാഗം എൽപി, യുപി വിഭാഗം കുട്ടികളെയും തത്കാലം വിടില്ലെന്ന നിലപാടിൽ രക്ഷിതാക്കൾ.
അധ്യാപകർ അതാതു ക്ലാസിലെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടാണു കണക്കെടുപ്പു നടത്തിക്കൊണ്ടിരിക്കുന്നത്.
കുട്ടികളെ സ്കൂളിലേക്കു വിടുന്നുണ്ടോയെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഫോണിലും വാട്സാപ്പിലുമൊക്കെയാണു അധികൃതർ ബന്ധപ്പെടുന്നത്.
അപൂർവം സ്കൂളുകളിൽ അധ്യാപകർ നേരിട്ടു രക്ഷിതാക്കളെ കണ്ടു സംസാരിക്കുന്നുണ്ട്.
എന്നാൽ ഭൂരിഭാഗം രക്ഷിതാക്കളും ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന തങ്ങളുടെ കുട്ടികളെ തുടക്കത്തിൽ വിടുന്നില്ലെന്ന നിലപാടാണ് അറിയിച്ചിരിക്കുന്നത്.
ഇരുപതും മുപ്പതും കുട്ടികളുള്ള ക്ലാസുകളിൽ അഞ്ചും ആറും വിദ്യാർഥികൾ വീതമേ എത്തുകയുള്ളൂവെന്നാണു പ്രാഥമിക കണക്ക്.
ക്ലാസുകളൊക്കെ തുടങ്ങി ഒരാഴ്ച കഴിഞ്ഞു നോക്കിയിട്ടു തീരുമാനിക്കാമെന്നതാണ് രക്ഷിതാക്കളുടെ നിലപാട്.
കോളജുകൾ ഘട്ടംഘട്ടമായി തുറന്നിട്ടും, സ്കൂളുകൾ എൽപി മുതൽ പ്ലസ്ടു വരെ ഒറ്റയടിക്കു തുറക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നാണു രക്ഷിതാക്കളുടെ നിലപാട്.
ഹൈസ്കൂൾ മുതൽ പ്ലസ്ടു വരെ ആദ്യം തുടങ്ങിയതിനുശേഷം എൽപി, യുപി വിഭാഗം അടുത്ത ഘട്ടമായി തുടങ്ങുന്നതാണ് കൂടുതൽ സുരക്ഷിതമെന്നത് ഉന്നത ഉദ്യോഗസ്ഥരിൽ പലരും പറയുന്നുണ്ടെങ്കിലും ആരും തുറന്നുപറയാൻ തയാറാകുന്നില്ലത്രേ. ഇതേ അഭിപ്രായമാണ് ഒട്ടുമിക്ക അധ്യാപകർക്കും.
എല്ലാ ക്ലാസുകളിലേക്കും കുട്ടികൾ ഒന്നിച്ചെത്തുന്പോൾ നിയന്ത്രിക്കാനും ചിലപ്പോൾ ബുദ്ധിമുട്ട് വന്നേക്കാം.
ഒറ്റയടിക്കു തുറക്കാതിരുന്നാൽ സ്കൂളുകളിലേക്ക് എത്തുന്ന വാഹനങ്ങളിലും ക്രമീകരണം വരുത്താൻ കഴിയുമെന്നതാണ് മറ്റൊരു വാദം.