തിരുവനന്തപുരം: ദേശീയ സ്കൂൾ കായികമേളയിൽ മത്സര ഇനങ്ങളിൽ മാറ്റം വരുന്നു. ജൂണിൽ തുടങ്ങുന്ന 2019-20 കായിക വർഷം മുതലാണ് മാറ്റം. ഇതുസംബന്ധിച്ച് സ്കൂൾ ഗെയിംസ് ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റിയുടെ ശിപാർശ വാർഷിക ജനറൽ ബോഡിക്ക് സമർപ്പിച്ചു. ഇതു പാസാക്കുക എന്ന സാങ്കേതികത്വം മാത്രമാണ് ഇനിയുള്ളത്.
നിലവിൽ സീനിയർ വിഭാഗം അതായത് 19 വയസിൽ താഴെയുള്ള പെണ്‍കുട്ടികൾക്ക് 3000 മീറ്റർ ഓട്ടമാണ് നടത്തിവന്നിരുന്നത്. ആണ്‍കുട്ടികൾക്ക് 5000 മീറ്ററും. അടുത്ത ദേശീയ സ്കൂൾ കായിക മേള മുതൽ 19 വയസിൽ താഴെയുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും 5000 മീറ്റർ ഓട്ടമത്സരങ്ങൾ വേണമെന്നാണ് ശിപാർശ.
19, 17 പ്രായപരിധിയിലുള്ള ആണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിലും മാറ്റം ഉണ്ടാകും. ഹർഡിൽസിന്റെ ഉയരം 83 സെന്റിമീറ്ററിൽനിന്ന് 84 സെന്റിമീറ്റർ ആയി കൂട്ടണം.
ഏതു കായിക ഇനവും അതിന്റെ നടത്തിയാലും ദേശീയ ഫെഡറേഷൻ നിയമാവലി അനുസരിച്ചാവണം നടത്തേണ്ടത്. ആർച്ചറിയിൽ കോന്പൗണ്ട് റൗണ്ട് കൂടി ഉൾപ്പെടുത്തണം. ദേശീയ മത്സരങ്ങളിൽ മെഡൽ നേടുന്ന താരങ്ങൾക്കു നിർബന്ധമായും ഡോപ് ടെസ്റ്റ് നടത്തണം.
ഓരോ ദേശീയ മത്സരവും സംഘടിപ്പിക്കുന്പോൾ നിശ്ചിത ദിവസത്തിനു മുന്നേ അതിന്റെ ആതിഥേയ സംസ്ഥാനം മത്സരവേദിയുടെ ചിത്രങ്ങളും വിശദമായ വിവരങ്ങളും മത്സരങ്ങൾ നിയന്ത്രിക്കുന്ന ഒഫീഷ്യൽസിന്റെ വ്യക്തമായ വിവരങ്ങളും സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ അറിയിക്കണം.
ഏതെങ്കിലും മത്സര ഇനത്തിൽ ദേശീയ തലത്തിൽ മത്സരം നടത്തണമെങ്കിൽ ആറു ടീമുകൾ എങ്കിലും ഉണ്ടാവണം.
നീന്തലിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ 14 വയസിൽ താഴെയും 17 വയസിൽ താഴെയുമുള്ള വിഭാഗങ്ങളിൽ 1500 മീറ്റർ ഫ്രീ സ്റ്റൈലും 19-ൽ താഴെയുള്ളവരുടെ 800 മീറ്റർ ഫ്രീ സ്റ്റൈലും ഉൾപ്പെടുത്തണമെന്നും സ്കൂൾ ഗെയിംസ് ഫെഡറേഷൻ ശിപാർശ ചെയ്തിട്ടുണ്ട്.
തോമസ് വർഗീസ്