കുന്നംകുളം (തൃശൂർ): കുന്നംകുളത്ത് അടുത്ത ആഴ്ച ആരംഭിക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇനി ആറു നാൾ. സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രധാന വേദിയുടെ പന്തലുയർന്നു കഴിഞ്ഞു.
ഗവ. ബോയ്സ് ഹയർ സെക്കൻഡറി സീനിയർ ഗ്രൗണ്ടിനടുത്താണ് പന്തലൊരുങ്ങിയത്. ഇതോടൊപ്പം മറ്റ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്.
കായികോത്സവത്തിൽ വലുതും ചെറുതുമായ പന്ത്രണ്ടോളം പന്തലുകളാണ് തയാറാക്കുന്നത്. പ്രധാന വേദി 2500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഭക്ഷണ പന്തലാണ്. ഇതിന്റെ കാൽനാട്ട് കഴിഞ്ഞ ദിവസം എ.സി. മൊയ്തീൻ എംഎൽഎ നിർവഹിച്ചിരുന്നു.
സിന്തറ്റിക് ട്രാക്കിനോട് ചേർന്ന് കാണികൾ ഇരിക്കുന്ന ഗാലറിയിലും മൂന്ന് പന്തുലുകളുണ്ടാകും. മഴയെ ചെറുക്കാൻ കഴിയുന്നതാണ് ഈ പന്തലുകൾ. കായിക താരങ്ങൾക്ക് പരിശീലനത്തിന് സൗകര്യമൊരുക്കിയിട്ടുള്ള ബഥനി സ്കൂളിലും പന്തൽ ഒരുക്കുന്നുണ്ട്.
സിന്തറ്റിക് ട്രാക്കിലെ ഗാലറിക്ക് മുകളിലുള്ള സ്ഥലത്താണ് ഉദ്ഘാടന വേദി. ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമാണിവിടെയുള്ളത്. ഉദ്ഘാടന വേദി അലങ്കാര പണികളാൽ മനോഹരമാക്കുമെന്ന് സംഘാടകർ അറിയിച്ചു.