കോഴിക്കോട്: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നായ കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 225ാം വർഷത്തിലേക്ക്.സ്കൂളിന്റെ ദ്വിശതോത്തര രജത ജുബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
224ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും വിരമിക്കുന്ന ജീവനക്കാരെ ആദരിക്കലും നാളെ വൈകുന്നേരം 5.30ന് നടക്കും. വിദ്യാർഥികൾ അവതരിപ്പിക്കുന്ന ജയ്ഹിന്ദ്’ എന്ന സംഗീത ശിൽപവും അരങ്ങേറും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ.കെ.ടി.ദേവസ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലയാളം സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ ലോഗോ പ്രകാശനവും മുഖ്യപ്രഭാഷണവും നടത്തും.
ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം, സാഹിത്യ സദസ്സ്, മാതാപിതാക്കൾക്കായി ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. മാസം തോറും ഒരു പരിപാടി എന്നരീതിയിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുക. പൊതു ജനങ്ങളെകൂടി ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കുമിത്. ഹൈസ്കൂൾ യുപി വിഭാഗങ്ങളിലായി 1590 വിദ്യാർത്ഥികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 501 വിദ്യാർഥികളും നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ ആണ്കുട്ടികൾ മാത്രം പഠിക്കുന്ന നഗരത്തിലെ ഏക സ്കൂളാണിത് .1793ൽ പോർച്ചുഗീസുകാർക്കുവേണ്ടി സ്ഥാപിച്ച യൂറോപ്യൻ ഹൈസ്കൂളാണിത്.
പുതിയ ഹയർസെക്കൻഡറി കെട്ടിടത്തിൻറെ പ്രവൃത്തികൾ ഇവിടെ പുരോഗിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രിൻസിപ്പൽ അറിയിച്ചു. ഹെഡ്മാസ്റ്റർ എം.വി. ജോർജ്, സ്റ്റാഫ് സെക്രട്ടറി ഷാജി ആൻറണി, സ്കൂൾ മാനേജർ ഫാ. വർഗീസ് ആൻറണി , പിടിഎ പ്രസിഡൻറ സാബു ആൻ ജോസഫ്, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡൻറ എം.ജയരാജ്, സ്കുൾ ഡയറക്ടർ ഫാ. തദേവൂസ് , ഫാ.എം.എഫ് ആൻറോ, സ്വാഗതസംഘം ചെയർമാൻ എം.രാജൻ, എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.