ബംഗളൂരു: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തിൽ ദുരൂഹത. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് ബംഗളുരുവിലെ ദില്ലി പബ്ലിക് സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. എന്നാൽ എങ്ങനെയാണ് കുട്ടിക്ക് അപകടം പറ്റിയത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സംഭവം സ്കൂൾ അധികൃതർ ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. മലയാളിയായ സ്കൂൾ പ്രിൻസിപ്പൽ ഇപ്പോഴും ഒളിവിലാണ്. ചെല്ലകെരെയിൽ ഉള്ള ഡിപിഎസ്സിലെ പ്രീ സ്കൂൾ വിദ്യാർഥിനി ആയിരുന്നു ജിയന്ന ആൻ ജിറ്റോ എന്ന നാല് വയസുകാരി.
സ്കൂള്‍ അധികൃതര്‍ ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് മാതാപിതാക്കളെ വിളിച്ചു വരുത്തിയത്. അടുത്തുള്ള ചെറിയ ആശുപത്രിയിലാണ് ആദ്യം കുഞ്ഞിനെ കൊണ്ടുപോയത്. തുടർന്ന് കുഞ്ഞിന് ഗുരുതര പരിക്കുണ്ടെന്ന് കണ്ട അച്ഛനമ്മമാരാണ് ബംഗളുരുവിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് കുട്ടിയെ മാറ്റിയത്. കുഞ്ഞിന് അപകടം പറ്റിയതിൽ ദുരൂഹതയുണ്ടെന്ന് അച്ഛനമ്മമാർ ആരോപിച്ചു. വിദഗ്ധ ചികിത്സ നൽകാൻ എത്തിച്ചപ്പോഴേക്കും കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.
ഇത്ര ചെറിയ കുഞ്ഞ് ഒറ്റയ്ക്ക് ടെറസിൽ എത്തി എന്നതിലും, അവിടെ നിന്ന് താഴേയ്ക്ക് വീണതിലും ദുരൂഹതയുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. കൂടാതെ കുട്ടിയെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. കുട്ടിയെ അവർ അപകടപ്പെടുത്തി എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാർ വ്യക്തമാക്കി.
അതേസമയം, സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ മലയാളിയായ പ്രിൻസിപ്പൽ തോമസ് ചെറിയാൻ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെന്നും പല ദൃശ്യങ്ങളും ലഭ്യമല്ലെന്നും അച്ഛനമ്മമാർ ആരോപിക്കുന്നുണ്ട്. സംഭവത്തൽ ചെല്ലകെരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.