ആലപ്പുഴ: അയൽവാസിയുടെ മതിലിടിഞ്ഞ് വീണ് വിദ്യാർഥി മരിച്ചു. ആലപ്പുഴ ആറാട്ടുവഴിയിലാണ് അപകടം. അന്തേക്ക്പറമ്പ് അലിയുടേയും ഹസീനയുടേയും മകൻ അയൽഫയാസ് അലി(14) ആണ് മരിച്ചത്.
ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയായിരുന്നു അപകടം. മഴ പെയ്തുകൊണ്ടിരിക്കുന്നതിനിടെ വലിയൊരു ശബ്ദം കേട്ടതിനെ തുടർന്നാണ് അയൽക്കാർ പുറത്തേക്കിറങ്ങിയത്.
കഷ്ടിച്ച് ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന നടുവഴിലേക്ക് എത്തിയപ്പോൾ അഞ്ചരയടിയോളം ഉയരമുള്ള മതിൽ ഇടിഞ്ഞു എതിർവശത്തെ മതിലിലേക്ക് മുഖം അമർന്ന നിലയിൽ കിടക്കുന്ന അൽഫയാസിനെയാണ് കാണുന്നത്.
സിമിന്റ് കട്ടകളും കമ്പിയും വീണ് കുട്ടിയുടെ ശരീരം പൂർണമായും മൂടിയ നിലയിലായിരുന്നു. ചെരിപ്പും മഴക്കോട്ടും കുടയും അപകടസ്ഥലത്ത് ചിതറിക്കിടക്കുകയായിരുന്നു.
കുട്ടിയെ പുറത്തെടുക്കുമ്പോൾ അനക്കമുണ്ടായിരുന്നില്ല. അൽഫയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അയൽഫയാസ്.