ബംഗളൂരു: സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് നാലുവയസുകാരി വീണുമരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ (4) കഴിഞ്ഞദിവസം ബംഗളൂരുവിലെ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണു മരിച്ചത്. സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സ്കൂളിന്റെ പ്രിൻസിപ്പലും കോട്ടയം സ്വദേശിയുമായ തോമസ് ചെറിയാൻ, സ്കൂളിലെ ജീവനക്കാരന് എന്നിവരെ പ്രതിയാക്കി പോലീസ് കേസെടുത്തത്. സംഭവത്തിൽ രണ്ട് ആയമാരെ പോലീസ് ചോദ്യം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ തോമസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രിൻസിപ്പൽ നശിപ്പിച്ചതായി മാതാപിതാക്കൾ ആരോപിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ജന്മനാടായ കോട്ടയം മണിമലയിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ നടത്തും. ഒളിവിൽപോയ പ്രിൻസിപ്പലിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.