സമൂഹമാധ്യമങ്ങളുടെ അതിപ്രസരം സമൂഹത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പലതും അപകടകരമായ അവസ്ഥകളാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നതും. ബ്ലൂ വെയില്‍, കീ കീ പോലുള്ള അത്യന്തം അപകടകരമായ ചലഞ്ചുകള്‍ പലയിടത്തും വരുത്തി വച്ച അപകടങ്ങള്‍ ചെറുതായിരുന്നില്ല. അപകടങ്ങള്‍ വന്നു തുടങ്ങിയത് മുതല്‍ അധികാരികള്‍ ഇടപെട്ട് അതിന് തടയിടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കുട്ടികളുടെ ജീവനെടുക്കാനായി മറ്റൊരു ചലഞ്ച് കൂടി എത്തിയിരിക്കുന്നു. സ്വന്തം കൈകളില്‍ സ്വയം മുറിവേല്‍പ്പിക്കുന്നതാണ് പുതിയ ചലഞ്ച്. മലപ്പുറം ജില്ലയില്‍ ഒരു പഞ്ചായത്തിലെ സ്‌കൂളുകളിലാണ് അമ്പതിലധികം കുട്ടികള്‍ സ്വന്തം പേര് കോമ്പസും വെള്ളാരംകല്ലുകളും ഉപയോഗിച്ച് ശരീരത്തില്‍ രേഖപ്പെടുത്തിയത്.
ചലഞ്ചേറ്റെടുത്തവരില്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ എന്നതും ശ്രദ്ധേയമാണ്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൈകളിലാണ് ഇത്തരം മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. സ്വന്തം പേരിന്റെ ആദ്യക്ഷരമാണ് കുട്ടികള്‍ കൈകളില്‍ വരച്ചിട്ടുള്ളത്. ഒറ്റയ്ക്കും കൂട്ടമായുമാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
സ്‌കൂളിലെ ഒഴിവുസമയങ്ങളിലും വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്ന സമയത്തുമാണ് ഇതു ചെയ്തതെന്ന് കുട്ടികള്‍ അധ്യാപകരോട് പറഞ്ഞു. കോമ്പസും സ്റ്റീല്‍ സ്‌കെയിലുമുപയോഗിച്ച് ശരീരം മുറിവേല്‍പ്പിച്ചവരുമുണ്ട്. ചിലരുടെ മുറിവുകള്‍ക്ക് പഴുപ്പ് ബാധിച്ചിട്ടുണ്ട്.
അധ്യാപകരാണ് ഇത് കണ്ടെത്തിയത്. രക്ഷിതാക്കളെ വിളിപ്പിച്ച് വിശദമായി ചോദിച്ചപ്പോഴാണ് ഹൈസ്‌കൂള്‍തലത്തിലെ പെണ്‍കുട്ടികളില്‍നിന്നാണ് ഇതു തുടങ്ങിയതെന്ന സൂചന ലഭിച്ചത്. ആ കുട്ടികള്‍ക്ക് എവിടെനിന്നാണ് ഇതു ലഭിച്ചതെന്ന് വ്യക്തമല്ല.
വിവിധ സ്‌കൂളുകളില്‍ ഈ പ്രവണത നിലനില്‍ക്കുന്നതായി അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് സ്‌കൂളധികാരികളോട് നിര്‍ദേശിച്ചിട്ടുണ്ട്.