എറണാകുളം ജില്ലയിലെ വൈപ്പിനിലെ എടവനക്കാട് നിന്ന് ഇന്നലെ രാവിലെ കാണാതായ മൂന്നു പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ രാത്രി പത്തുമണിയോടെ എറണാകുളം സുഭാഷ് പാര്‍ക്കില്‍ ഷാഡോ പോലീസ് കണ്ടെത്തി. മദ്യപാനത്തിന് അടിമയായിമാറിയ പിതാക്കന്മാര് കുടുംബത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ത്തതില്‍ മനംനൊന്താണ് വീട് വിട്ടതെന്നു മൂവരും പോലീസിനു മൊഴി നല്കി. ഇന്നലെ രാവിലെ യൂണിഫോമില്‍ സ്കൂളിലേക്കു പോയ വിദ്യാര്‍ഥികള്‍ വൈകുന്നേരം ആയിട്ടും വീട്ടില്‍ തിരിച്ചെത്താതെ വന്നപ്പോഴാണ് മൂവരുടെയും വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്.
സ്കൂളിലും ട്യൂഷനു പോകുന്ന സ്ഥലങ്ങളിലും അന്വേഷിച്ചപ്പോള്‍ ഇവര്‍ ഇന്നു ഹാജരായിരുന്നില്ലെന്ന് അറിഞ്ഞു. ഇതോടെ രാത്രി തന്നെ സ്കൂള്‍ അധികൃതര്‍ ഇടപെട്ട് രക്ഷിതാക്കള്‍ ഞാറക്കല്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്നു സി ഐ സജി മര്‍ക്കോസ്, എസ് ഐ ആര്. രഗീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ അന്വേഷണം തുടങ്ങി. ഫോട്ടോയും മറ്റുവിവരങ്ങളും വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മെയില്‍ ചെയ്തും ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കു വാട്സ്ആപ് മെസേജുകള്‍ കൈമാറുകയും ചെയ്തതോടെയാണ് എറണാകുളം ഷാഡോ പോലീസ് രാത്രി പത്തുമണിയോടെയാണ് മൂവരേയും കണ്ടെത്തിയത്.
സ്കൂള്‍ യൂണിഫോമില്‍ തന്നെ ബാഗും കുടയുമൊക്കെയായി എങ്ങോട്ടു പോകണമെന്നറിയാതെ മൂവരും എറണാകുളം സുഭാഷ് പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു. മൂവരേയും കസ്റ്റഡിയിലെ എടുത്ത ഷാഡോ പോലീസ് രാത്രി തന്നെ ഞാറക്കല്‍ പോലീസിനു കൈമാറി. പോലീസ് ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ വീട്ടിലേക്കില്ലെന്നും ഏതെങ്കിലും ഹോസ്റ്റലില്‍ ആക്കിയാല്‍ മതിയെന്നും മൂവരും അറിയിച്ചത്രേ. കാരണം ചോദിച്ചപ്പോഴാണ് മൂവരുടേയും പിതാക്കള്‍ ദിവസവും മദ്യപിച്ച് വന്ന് വീട്ടില്‍ കലഹമുണ്ടാക്കുന്ന കാര്യങ്ങള്‍ പറഞ്ഞത്.
നാളേറെയായി സഹിക്കുന്നുവെന്നും തങ്ങള്‍ക്ക് ഒരക്ഷരം പഠിക്കാന്‍ പോലും കഴിയുന്നില്ലെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. പരിഹാരമുണ്ടാക്കാമെന്ന ഉറപ്പില്‍ പോലീസ് മൂവരേയും അവരവരുടെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഇന്നു രക്ഷിതാക്കളോടു പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്ഥനികള്ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗിന് പോലീസ് സംവിധാനം ഏര്‍പ്പാടാക്കി.