പി. ജയകൃഷ്ണൻ
കണ്ണൂർ: സ്കൂൾതലത്തിൽ വിദ്യാർഥികളുടെ സുരക്ഷിത അധ്യയനം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. ഇതുസംബന്ധിച്ച നിർദേശങ്ങൾ ജില്ലയിലെ മുഴുവൻ സർക്കാർ-അൺ എയ്ഡഡ് സ്കൂളുകൾക്കും വിദ്യാഭ്യാസ വകുപ്പ് നൽകി. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ പരിശോധന ആരംഭിച്ചു.
പരിശോധനയിൽ തൃപ്തികരമല്ലാത്ത സ്കൂളുകൾക്കെതിരേ നടപടിയുണ്ടാകും. വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശങ്ങൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനു മുന്പു സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം. എൻജിനിയർ പരിശോധിച്ച് ഉറപ്പുവരുത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മേയ് 31 നകംവാങ്ങണം. അപകടാവസ്ഥയിലുള്ളതോ ഭാഗീകമായി നിലനിൽക്കുന്നതോ പണി പൂർത്തിയാകാതെ നിർത്തിവച്ചിരിക്കുന്നതോ ആയ അവസ്ഥയിലാണെങ്കിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ അനുമതി പ്രകാരം തുടർ നടപടി സ്വീകരിക്കണം.
ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ല. സ്കൂൾ തുറക്കുന്നതിനു മുന്പു സ്കൂൾ കെട്ടിടങ്ങളുടെ പരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. കുട്ടികളുടെ സുരക്ഷ സംബന്ധമായ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനു വിദ്യാഭ്യാസ ഓഫീസർ സ്കൂളുകൾ സന്ദർശിക്കും.
സ്കൂളിനോട് ചേർന്ന് അപകടാവസ്ഥയിലുള്ള വൈദ്യുതി തൂണുകൾ, കന്പികൾ എന്നിവ പരിശോധിക്കാൻ കെഎസ്ഇബി ഓഫീസിനെ രേഖാമൂലം അറിയിക്കണം. വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവ അപകടരഹിതമെന്ന് ഉറപ്പുവരുത്തണം. സ്കൂൾ കുട്ടികളെ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും കൊണ്ടുപോകുന്നതിനും സ്കൂൾ അധികൃതർ ഒരുക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് ബന്ധപ്പെട്ടവരിൽ നിന്നും വാങ്ങണം.
വേണ്ടത്ര പരിചയമില്ലാത്തവരോ അംഗവൈകല്യമുള്ളവരോ അനാരോഗ്യവാൻമാരും സ്കൂൾ വാഹനത്തിന്റെ ഡ്രൈവർ/ക്ലീനർ ജോലി ചെയ്യുന്നില്ലെന്നു മുഖ്യാധ്യാപകൻ ഉറപ്പുവരുത്തണം. ശക്തമായ മഴ, മറ്റു പ്രകൃതി ക്ഷോഭങ്ങൾ എന്നിവ കാരണം സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്പോൾ അറിയാതെ സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ സുരക്ഷ മുഖ്യാധ്യാപകൻ ഉറപ്പുവരുത്തണം.
പിടിഎയുടെ സഹായത്തോടെ കുട്ടികളെ സുരക്ഷിതമായി വീടുകളിൽ തിരികെ എത്തിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് എല്ലാ സ്കൂളുകളിലും നൽകിയിട്ടുള്ളത്. ശക്തമായ പരിശോധന നടത്തി വീഴ്ച വരുത്തുന്ന സ്കൂളുകൾക്കെതിരേ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.