കുറവിലങ്ങാട്: വിവരസാങ്കേതിക വിദ്യയിൽ അഭിരുചിയുള്ള വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതി നടത്തിപ്പിൽ വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച നിബന്ധന സ്കൂളുകൾക്ക് ഇരുട്ടടി.
എട്ടാം ക്ലാസ് വിദ്യാർഥികളുടെ എണ്ണം 20ൽ കുറഞ്ഞ സ്കൂളുകൾക്ക് ഇപ്പോൾ പദ്ധതി ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് നൽകിയിട്ടുള്ള നിബന്ധനയാണ് ഇതിനു കാരണമായത്.
കഴിഞ്ഞദിവസം നൽകിയ സർക്കുലർ പ്രകാരം അഭിരുചി പരീക്ഷയിൽ കുറഞ്ഞത് 20 വിദ്യാർഥികളെങ്കിലും യോഗ്യത നേടിയാൽ മാത്രമേ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് അനുവദിക്കൂ. യോഗ്യരായ 20 വിദ്യാർഥികളെ തെരഞ്ഞെടുക്കണമെങ്കിൽ കുറഞ്ഞത് 20 വിദ്യാർഥികളെങ്കിലും പരീക്ഷയെഴുതാൻ വേണമെന്നതാണ് പ്രശ്നം.
ഇതുമൂലം എട്ടാം ക്ലാസിൽ 20 വിദ്യാർഥികളില്ലാത്ത സ്കൂളുകൾക്ക് അഭിരുചി പരീക്ഷ പോലും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഈ പ്രതിസന്ധി നേരിടുന്ന സ്കൂളുകൾ ഗവൺമെന്റ്, എയ്ഡഡ് വിഭാഗങ്ങളിലുമുണ്ട്.
വിദ്യാർഥികൾ കുറവുള്ള സ്കൂളുകളിലെ വിദ്യാർഥികളെ ഒരുമിപ്പിച്ച് അഭിരുചി പരീക്ഷ എഴുതിച്ച് 20 പേരെ തെരഞ്ഞെടുത്ത് അതാത് സ്കൂളുകളിൽ പരിശീലനം നൽകുന്നതിലൂടെ പ്രതിസന്ധി പരിഹരിക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അഭിരുചി പരീക്ഷയിൽ 25 ശതമാനമോ അതിൽ ക ൂടുതലോ സ്കോർ നേടുന്ന വിദ്യാർഥികളെ ഓരോ യൂണിറ്റിലും അനുവദിച്ചിരിക്കുന്ന എണ്ണത്തിന് അനുസൃതമായി തെരഞ്ഞെടുക്കാനാണ് നിർദേശം.
ലോജിക്കൽ- ഗണിതം, പ്രോഗ്രാമിംഗ്, അഞ്ച്, ആറ് , ഏഴ് ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവ ഉൾക്കൊള്ളിച്ചാണ് അഭിരുചി പരീക്ഷ നടത്തുന്നത്.