ടിപ്പര്‍ലോറികള്‍ക്ക് രാവിലെയും വൈകുന്നേരവും റോഡില്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ആരും പാലിക്കാറില്ലെന്നുമാത്രം. ആര്‍ക്കുംവേണ്ടാത്ത അനേകായിരം നിയമങ്ങളില്‍ ഒന്നുമാത്രമായി അതും മാറി. എന്നാല്‍ തങ്ങളുടെ പ്രദേശത്ത് ചീറിപ്പാഞ്ഞു പോകുന്ന ലോറികളെ നിലയ്ക്കുനിര്‍ത്തിയ രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞോടുന്നത്. അങ്കമാലിയില്‍ നടന്ന സംഭവം സന്ദീപ് ദാസെന്ന ചെറുപ്പക്കാരനാണ് സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.
സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- പെണ്‍കുട്ടികളാണ്. അങ്കമാലി പാലിശ്ശേരി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ്. കുഞ്ഞു സൈക്കിളുകള്‍ കുറുകെ വെച്ചുകൊണ്ട് അവര്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്നത് വമ്പന്‍ ടിപ്പര്‍ ലോറികളെയാണ്!
വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ നമ്മുടെ നാട്ടില്‍ രാവിലെയും വൈകീട്ടും ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അത്തരമൊരു നിയന്ത്രണം വെറുതെ കൊണ്ടുവന്നതല്ല.സ്‌കൂണ്ടള്‍ കുട്ടികള്‍ റോഡുകളിലൂടെ സഞ്ചരിക്കുന്ന സമയത്ത് ലോറികളുടെ മരണപ്പാച്ചില്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് അധികൃതര്‍ അത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
പക്ഷേ പലപ്പോഴും നിയമം ലംഘിച്ചുകൊണ്ട് ടിപ്പര്‍ ലോറികള്‍ ചീറിപ്പായുന്ന കാഴ്ച്ചയാണ് കണ്ടിട്ടുള്ളത്. അങ്കമാലിയിലും ഇത് ആവര്‍ത്തിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിഷേധിക്കേണ്ടിവന്നത്. ടിപ്പര്‍ ലോറിയിടിച്ച് എത്രയോ കുട്ടികളും മദ്ധ്യവയസ്‌കരും വൃദ്ധരും മരണപ്പെട്ടിരിക്കുന്നു! അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കഷ്ടിച്ച് ജീവന്‍ തിരിച്ചുപിടിച്ചവരും ഒരുപാട്. എല്ലാ വാഹനങ്ങളും അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്.പക്ഷേ അല്പം വ്യത്യസ്തമാണ് ടിപ്പര്‍ ലോറികളുടെ കാര്യം.
ഓവര്‍സ്പീഡും ഓവര്‍ലോഡും ഈ വമ്പന്‍ വാഹനത്തിന്റെ സവിശേഷതകളാണ്. മണല്‍ കടത്തുന്ന ടിപ്പര്‍ ലോറികളെ പിടികൂടാറുണ്ട്. അനധികൃത മണ്ണെടുക്കല്‍ തടയാന്‍ ശ്രമിച്ച ഒരാളെ ടിപ്പര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. സാധാരണക്കാര്‍ക്ക് മാത്രമല്ല,ഉദ്യോഗസ്ഥര്‍ക്കും രക്ഷയില്ല. മണല്‍ക്കടത്ത് തടയാനെത്തിയ കൊയിലാണ്ടി തഹസീല്‍ദാര്‍ക്കുനേരെ ടിപ്പര്‍ ഓടിച്ചുകയറ്റിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.
നമ്മുടെ പരിസ്ഥിതിക്ക് മണല്‍ വാരല്‍ ഒരു ഗുണവും ചെയ്യുന്നില്ല എന്ന കാര്യം വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. ഇതെല്ലാം നടപ്പിലാക്കാന്‍ ഇവിടൊരു മാഫിയ തന്നെയുണ്ട്.അനധികൃതമായി വരുന്ന വാഹനങ്ങള്‍ ഗ്രാമപ്രദേശങ്ങളിലൂടെയാണ് സഞ്ചരിക്കാറുള്ളത്. സര്‍ക്കാരിനും നീതിപീഠത്തിനും ഇടപെടേണ്ടി വന്നത് സ്വാഭാവികം മാത്രം.
കുറേ നല്ല മനുഷ്യര്‍ ലോറി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. പക്ഷേ ഒരുപാട് പ്രശ്‌നങ്ങളുള്ള മേഖലയാണത്. ടിപ്പര്‍ തടഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭീഷണികള്‍ എത്തിത്തുടങ്ങിയെത്രേ!
ഈ പെണ്‍കുട്ടികളെ വിമര്‍ശിച്ചുകൊണ്ട് കുറേപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.പ്രളയം വന്നപ്പോള്‍ സഹായിച്ച ടിപ്പര്‍ ലോറികളെ തള്ളിപ്പറയരുത് എന്ന് ഒരു വിഭാഗം. ഡ്രൈവര്‍മാര്‍ ഈ മരണപ്പാച്ചില്‍ നടത്തുന്നത് ഉപജീവനത്തിനുവേണ്ടിയാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നവരും കുറവല്ല.എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും ഒട്ടും പ്രസക്തിയില്ല.
പ്രളയസമയത്ത് സഹായിച്ചു എന്നത് ഭാവിയില്‍ എന്തും ചെയ്യാനുള്ള ലൈസന്‍സ് ആണോ? കുറേ പാവം മനുഷ്യരെ വണ്ടികയറ്റിക്കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുടുങ്ങിയപ്പോള്‍ അയാളുടെ ആരാധകര്‍ പറഞ്ഞത് ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സല്ലുഭായിയെ വെറുതെവിടണമെന്നാണ്! അന്ന് അതിനെ പരിഹസിച്ച മലയാളികളാണ് സമാനമായ വാദവുമായി ഇറങ്ങിയിരിക്കുന്നത് !
പിന്നെ ലോറി ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ നല്ല രീതിയില്‍ ജീവിക്കുന്നതിനോട് ആര്‍ക്കും വിരോധമില്ല. ഏര്‍പ്പെടുത്തിയിട്ടുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് ഒരു മയത്തിലൊക്കെ സര്‍വ്വീസ് നടത്തണമെന്നല്ലേ പറയുന്നുള്ളൂ? നിയമം അനുവദിക്കാത്ത തൊഴിലുകള്‍ ചെയ്യുന്ന എല്ലാ മനുഷ്യരും ശിക്ഷിക്കപ്പെടാറുണ്ട്. ‘ഉപജീവനം’ എന്ന ന്യായം അവര്‍ക്കും പറയാനുണ്ടാവും. എന്നുകണ്ടരുതി കുറ്റങ്ങള്‍ ചെയ്യുന്നവരെ വെറുതെവിടാനാവുമോ?
ലോറി എന്നത് പലപ്പോഴും ആണത്തത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെടാറുണ്ട്. മുണ്ടും മടക്കിക്കുത്തി ലോറിയില്‍ നിന്ന് ചാടിയിറങ്ങി ഹീറോയിസം കാണിക്കുന്ന നായകന്‍മാരെ മലയാള സിനിമയില്‍ ഒത്തിരി കണ്ടിട്ടുണ്ട്. ഒരു പെണ്ണ് ബുള്ളറ്റ് ഓടിച്ചാല്‍ പോലും സഹിക്കാത്ത മനുഷ്യരുള്ള നാടാണിത്. അങ്ങനെയിരിക്കെ ഏതാനും കൊച്ചുപെണ്‍കുട്ടികള്‍ ടിപ്പര്‍ തടഞ്ഞാല്‍ ചിലരുടെയൊക്കെ ആണഹങ്കാരത്തിന് മുറിവേല്‍ക്കുന്നത് സ്വാഭാവികം. അതിന്റെ കൂടി ഫലമാണ് ഇത്തരം കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍.
ഈ ഫോട്ടോയില്‍ ഒരേയൊരു കുഴപ്പമേ ഞാന്‍ കാണുന്നുള്ളൂ. ഇതുപോലുള്ള ദുഷ്പ്രവണതകള്‍ തടയാനുള്ള സംവിധാനം നമ്മുടെ നാട്ടിലുണ്ട് എന്നാണ് വയ്പ്. എന്നിട്ടും യൂണിഫോമും ബാഗും ഇട്ട കുരുന്നുകള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നു. ഈ വിദ്യാര്‍ത്ഥിനികള്‍ പെട്ടന്നൊരു ദിവസം റോഡിലിറങ്ങി വാഹനം തടഞ്ഞതൊന്നുമല്ല. എല്ലാ പ്രതിവിധികളും പരാജയപ്പെട്ടപ്പോഴാണ് അവര്‍ ഇതിന് മുതിര്‍ന്നത്. അത് നമ്മുടെ പരാജയമാണ്.
പെണ്‍കുട്ടികളുടെ തലയില്‍ക്കയറുന്നവര്‍ സൂക്ഷിച്ചുകൊള്ളുക. പഴയ കാലമൊന്നുമല്ല. ചൊറിയാന്‍ പോയാല്‍ പലിശസഹിതം തിരിച്ചുകിട്ടിയേക്കും. സ്വകാര്യ ബസ്സുകള്‍ ഇതില്‍ നിന്ന് ചിലതെല്ലാം പഠിക്കുന്നത് നന്നാവും. സ്‌കൂള്‍ കുട്ടികളെ പിടിച്ചു തള്ളുന്നതും തെറിപറയുന്നതും മറ്റും അവര്‍ക്ക് പതിവാണ്. വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കരുതെന്നും സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കരുതെന്നും ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. പക്ഷേ എത്ര ബസ് ജീവനക്കാര്‍ അത് അനുസരിക്കും എന്നറിയില്ല.
പൊതുവെ പെണ്‍കുട്ടികളോടാണ് ബസ് കണ്ടക്ടര്‍മാര്‍ കൂടുതല്‍ തട്ടിക്കയറാറുള്ളത്. അവര്‍ തിരിച്ച് ഒന്നും പറയില്ല എന്നൊരു വിചാരമാണ്. പെണ്ണുങ്ങളാണ്. ഉശിരുള്ളവരാണ്. ‘വെറും പെണ്ണ് ‘അല്ല. അതോര്‍ത്തിട്ട് കളിച്ചാല്‍ മതി.എല്ലാവരും !