പത്തനംതിട്ട: ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ഗര്‍ഭിണിയായ സംഭവത്തിൽ സഹപാഠിക്കെതിരേ കേസെടുത്ത് പോലീസ്. പെൺകുട്ടിയുടെ സുഹൃത്തായ 14 വയസുകാരനെതിരായാണ് കേസെടുത്തത്. ബലാല്‍സംഗം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കള്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് ആശുപത്രിയില്‍ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ശേഷം സഹപാഠിക്കെതിരേ കേസെടുക്കയും ചെയ്തു.
ദീർഘകാലമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടില്ല.
പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ 14 കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.