ബോബൻ ബി. കിഴക്കേത്തറ
കളമശേരി: അധ്യാപന രീതിയിൽ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ടു പുതിയ അധ്യായന വർഷത്തേക്കുള്ള മുന്നൊരുക്കങ്ങളുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഇതിൻെറ ഭാഗമായി ഹയർ സെക്കന്ററി , ഹൈസ്കൂൾ , യുപി, എൽപി അധ്യാപകർക്കായുള്ള ആദ്യഘട്ട പരിശീലനങ്ങൾ ഇന്ന് മുതൽ ആരംഭിച്ചു. വിദ്യാർഥി കേന്ദ്രീകൃത അധ്യാപന രീതിയിലേക്കുള്ള അടിസ്ഥാന മാറ്റമാണ് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി മുതൽ ഒരു ക്ലാസ് റൂമിനെ യൂണിറ്റായി കരുതുന്നതിന് പകരം ഒരു വിദ്യാർഥിയെ അടിസ്ഥാന യൂണിറ്റായി ബന്ധപ്പെടുത്തി നൂതന പഠന രീതി കൊണ്ടുവരും.
ക്ലാസിലെ വിദ്യാർഥികളെ പരസ്പരം താരതമ്യം ചെയ്യാൻ പാടില്ല. പഠനശേഷിയോടൊപ്പം, കലാ, കായിക കഴിവുകളെ പരിപോഷിപ്പിച്ചെടുത്താൽ എല്ലാ വിദ്യാർഥികളും മിടുക്കരാണ്. ഓരോരുത്തരുടെയും സർഗശേഷി കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് അധ്യാപകരുടെ സുപ്രധാന ചുമതലയായിരിക്കും. ഇതിന്റെ ഭാഗമായി ടാലന്റ് ലാബ് എന്ന ആശയവും സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരം കൈവരിക്കാനായി അധ്യായന രീതിയിൽ കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം നിർബന്ധമാക്കും. വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ച പഠനോപകരണ വെബ് പോർട്ടൽ ഇതിനായി സജീവമാക്കും.
സാങ്കേതിക സംവിധാനങ്ങൾ വിദ്യാലയത്തിൽ നടപ്പിലാകുമ്പോൾ പ്രകൃതിയെ മറക്കരുതെന്ന സന്ദേശവും പ്രചരിപ്പിക്കും. ഒരു ജൈവ വൈവിധ്യ പാർക്ക് വിദ്യാലയത്തിൽ ആരംഭിക്കാനുള്ള വിശദമായ നിർദേശവും ഓരോ അധ്യാപകർക്കും ഇന്ന് മുതൽ നൽകിത്തുടങ്ങും. രണ്ടാംഘട്ട അധ്യാപക പരിശീലനങ്ങൾ ഈ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി വിഷയം തിരിച്ചായിരിക്കും സംഘടിപ്പിക്കുക .
അവധിക്കാലത്തുള്ള പരിശീലന പരിപാടികളോടൊപ്പം സഹവാസ ക്യാമ്പുകൾ, ഗൃഹസന്ദർശനങ്ങൾ, പാഠപുസ്തക വിതരണം, അധ്യാപകേതര ജീവനക്കാർക്കുള്ള പരീശീലനം, രക്ഷകർത്താക്കൾക്കുള്ള പരിശീലനം, വിവിധ സമിതികളുടെ യോഗങ്ങൾ എന്നിവയും നടക്കും. അവധിക്കാലം ഇനി മുതൽ അധ്യാപകർക്കും വിദ്യാർഥികൾക്കും വിവിധ സമിതികൾക്കും തിരക്കേറിയതായിരിക്കുമെന്നാണ് സൂചന.