അനുമോൾ ജോയ്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നിൽപുണ്ടാകും. ശ്രുതിയും താളവും ചേർന്ന സുന്ദരമായ ഗാനങ്ങൾ. “വെളുത്തമധുരം’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പാടിയ ‘നീയെൻ പഞ്ചമി രാവ്’ എന്ന പാട്ട് എത്തി നിൽക്കുന്നതും ഇതേ സ്കൂളിന്റെ സ്റ്റാഫ് റൂമിലാണ്.
താളാകമ്പടിയോടുള്ളൊരു പാട്ട് കൂട്ടുകെട്ട് ഉണ്ട് ഇവിടെ. സ്റ്റാഫ് റൂമിന്റെ ഏതാനം കസേരകളുടെ അകലത്തിലിരുന്ന് ട്യൂണിട്ടും വരിയെഴുതിയും തുടങ്ങിയ ആ കൂട്ടുകെട്ടാണ് ഇന്ന് സിനിമാ സംഗീത സംവിധാനത്തിൽ എത്തിനിൽക്കുന്നത്.
പാട്ട് മൂളിയും ചർച്ച ചെയ്തും വാനോളം സ്വപ്നങ്ങൾ കണ്ടും കുട്ടികളുടെ ഏറെ പ്രിയങ്കരായ ഷൈജുമാഷും വൈശാഖ് മാഷും. ഇവർ ഒരുക്കിയ പാട്ട് ഇന്ന് മലയാളികൾ നെഞ്ചിലേറ്റിയിട്ടുണ്ട്. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്രാർഥനാഗാനം വരിയെഴുതി ട്യൂണിട്ടതും ഇവർ തന്നെയാണ്.
“ന്നാ താൻ കേസ് കൊട്’എന്ന ചിത്രത്തിലെ “ആടലോടകം ആടി നിൽക്കണ്, എന്ന ഗാനത്തിലൂടെയാണ് വൈശാഖ് സുഗുണൻ എന്ന അധ്യാപകൻ സിനിമാഗാനരംഗത്ത് ചുവടുറപ്പിച്ചത്. ഷൈജുവിന്റെ ആദ്യ സിനിമയാണിത്. ഷൈജു മാഷും വൈശാഖ് മാഷും ഒരുമിച്ച് എവിടെ കൂടിയാലും അവിടെ പാട്ടുണ്ടാകും. അത് സ്കൂളിലായാലും കാന്റീനായാലും മറ്റെവിടെയായാലും അങ്ങനെ തന്നെ.
സംഗീത സംവിധാനത്തിലെത്തിയത്
2019ലെ കോവിഡ് കാലത്താണ് സിനിമയുടെ ആലോചനകൾ നടക്കുന്നത്. ആ സമയത്ത് സംവിധായകനായ സുഹൃത്ത് ജിജു വഴിയാണ് വെളുത്ത മധുരം എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലേക്ക് ഷൈജു പള്ളിക്കുന്ന് എത്തുന്നത്. സ്റ്റാഫ് റൂമിൽ തൊട്ടടുത്ത് ഒരു സംഗീത സംവിധായകനുള്ളപ്പോൾ ട്യൂൺ ഒന്ന് കേൾപ്പിച്ച് കളയാം എന്നുകരുതി മലയാളം അധ്യാപകനായ വൈശാഖ് സുഗുണനെ കേൾപ്പിച്ചതോടെ പാട്ടിന്റെ കാര്യത്തിൽ തീരുമാനമായി. അങ്ങനെ രണ്ടാളും പാടിയും പറഞ്ഞും തിരുത്തിയും നല്ലൊരു പാട്ടിന് പിറവി കൊടുത്തു.
ചിത്രത്തിന്റെ റിലീസിംഗ് പിന്നെയും വൈകി. അപ്പോഴേക്ക് കൈ നിറയെ പാട്ടുകളുമായി വൈശാഖ് കണ്ണൂരിന്റെ പാട്ടെഴുത്തുകാരനായി പേരെടുത്തു. ഈ കാലത്തിന്റെ ഇടയ്ക്ക് രണ്ടുപേരുമെന്നിച്ച് നിരവധി മ്യൂസിക് ആൽബങ്ങളും ചെയ്തു. 2019 സബ്ജില്ലാ കലോത്സവത്തിന്റെ സ്വാഗത ഗാനം ഒരുക്കിയതും ഇരുവരും ഒന്നിച്ചാണ്. സെന്റ് മൈക്കിൾസ് സ്കൂളിലെ മ്യൂസിക്, സാഹിത്യ ക്ലബുകളുടെ പ്രവർത്തനങ്ങളിലും ഇവരുടെ കൂട്ടുകെട്ടിൽ പുത്തൻ ആശയങ്ങൾ രൂപം കൊണ്ടിട്ടുണ്ട്.
ഏറ്റവും പ്രിയപ്പെട്ടത് പാട്ട്
പള്ളിക്കുന്ന് സ്വദേശിയായ ഷൈജുവിന് പാട്ടിന്റെ ആദ്യപാഠങ്ങൾ ചൊല്ലി നൽകിയത് അച്ഛൻ ജനാർദനനാണ്. കുട്ടികാലം മുതൽതന്നെ പാട്ടിനോട് കൂട്ടുകൂടി. വീട്ടിൽ ഒരുക്കിയ പ്ലഗ് ഇൻ ഡിജിറ്റൽ മീഡിയയിൽ സംഗീതത്തോടൊപ്പമാണ് ഏറെ സമയവും. ഭക്തി ഗാനങ്ങളും സംഗീതാ ആൽബങ്ങളും ഒരുക്കിയിരുന്നു. സിനിമാരംഗത്തെ ആദ്യപരീക്ഷണമാണ് വെളുത്തമധുരം സിനിമയിലെ രണ്ട് ഗാനങ്ങൾ.
‘നീയെൻ പഞ്ചമിരാവ് ’ കൂടാതെ ‘കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ’ എന്ന പഴയകാല ഗാനം പുതിയ രീതിയിൽ സിനിമയിൽ അവതിപ്പിക്കുന്നുണ്ട്. അമ്മ അമ്മിണിയും കോളജ് അധ്യാപികയായ ഭാര്യ വർഷയും സെന്റ് തെരേസാസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ശിവപ്രിയയും എല്ലാവിധ പിന്തുണയും നൽകി ഷൈജുവിന്റെ കൂടെയുണ്ട്.
ബേങ്കി ബേങ്കി ബേങ്കി ബും ബും..
ഒരി കാലത്ത് എല്ലാവരും പാടി നടന്ന ബേങ്കി ബേങ്കി ബും ബും എന്ന പാട്ടിലൂടെയാണ് വൈശാഖ് സുഗുണൻ എന്ന പാട്ടുകാരനെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. ആൽബത്തിന് വരികളെഴുതാൻ സയനോര വിളിച്ച് ട്യൂൺ നൽകുമ്പോൾ കണ്ണൂർ ഭാഷ ജനങ്ങൾ സ്വീകരിക്കുമോയെന്നായിരുന്നു സംശയം. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി പാട്ടും വരികളും ഹിറ്റാകുകയായിരുന്നു.
തുടർന്ന് മദനോത്സവം, കാസർഗോൾഡ്, 18+ ചിത്രങ്ങൾക്ക് ഗാനങ്ങളെഴുതി. കുണ്ഡലപുരാണം, സുരേശന്റേയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, അന്ത്രു ദി മാൻ എന്നീ ചിത്രങ്ങൾ ഇനി പുറത്തിറങ്ങാനുണ്ട്.
പയ്യന്നൂരിലെ കണ്ടോത്ത് കോത്തായമുക്കിലാണ് വൈശാഖിന്റെ താമസം. അച്ഛൻ സുഗുണനും അമ്മ ബേബി സുമതിയും അനിയൻ അനുരാഗും ഭാര്യ നവ്യനാരായണനും എല്ലാവിധ പിന്തുണയുമായി വൈശാഖിനൊപ്പം ഉണ്ട്.