സ്വന്തം ലേഖകൻ
തൃശൂർ: സ്കൂൾ പാഠപുസ്തകങ്ങൾ തരംതിരിക്കുന്ന ജോലി സമയബന്ധിതമായി പൂർത്തിയാക്കാൻ ഒരുങ്ങി കുടുംബശ്രീ. ജില്ലയിൽ ഒരു ദിവസം ഒരുലക്ഷം പാഠപുസ്തകങ്ങൾ തരംതിരിച്ച് സ്കൂൾ സൊസൈറ്റികൾക്ക് എത്തിച്ചു നൽകാനുള്ള കഠിനാധ്വാനത്തിലാണ് കുടുംബശ്രീ.
ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കുള്ള ഓണ്‍ലൈൻ പഠന ക്ലാസുകൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ മാസം 30നകം ഒരുലക്ഷം പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ തയ്യാറാവുകയാണ് കുടുംബശ്രീ പ്രവർത്തകർ.
തൃശൂർ ജില്ലയിലെ പാഠപുസ്തക ഹബ്ബുകളായ ഗവണ്മെന്റ് എൻജിനീയറിങ് കോളജ്, വെളിയന്നൂർ ബുക്ക് ഡിപ്പോ എന്നിവിടങ്ങളിൽ എത്തിച്ചിരിക്കുന്ന പുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികൾക്ക് തരം തിരിച്ചു നൽകുന്ന പ്രവർത്തനമാണ് നടക്കുന്നത്.
പുതുതലമുറയെ അറിവിന്റെ വഴിയിലേക്ക് നയിക്കാൻ കുടുംബശ്രീയുടെ അധ്വാനവും കൂട്ടിച്ചേർത്ത് 14 കുടുംബശ്രീ പ്രവർത്തകരാണ് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ ഈ ജോലിയിൽ അണിനിരക്കുന്നത്.
ഈ മാസം ഒന്നുമുതൽ പുതിയ പുസ്തകങ്ങളുടെ തരംതിരിക്കൽ തുടങ്ങി. നാലാം തിയതി മുതലാണ് സൊസൈറ്റിയിലേക്ക് പുസ്തകം എത്തിച്ചു തുടങ്ങിയത്. പത്ത് പേരാണ് ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
ലോക്ഡൗണ്‍, ബസിന്റെ കുറവ് എന്നീ പരിമിതികൾക്കുള്ളിൽ നിന്ന് ഇതുവരെ മൂന്നര ലക്ഷത്തോളം പാഠപുസ്തകങ്ങൾ സ്കൂളുകളിലേക്ക് എത്തിക്കാൻ സാധിച്ചു.
ഇപ്പോൾ കുടുംബശ്രീ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് തൃശൂർ എൻജിനീറിങ് കോളജിലേക്കും ഹബ്ബ് മാറ്റി. ഞായറാഴ്ചകളിലും ഓവർടൈം ചെയ്ത് പരമാവധി ജൂണ്‍ 30 നുള്ളിൽ തന്നെ ബുക്കുകൾ സ്കൂളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവർ.
നിലവിൽ പുസ്തകം തരം തിരിക്കുന്ന ഹബ്ബുകളിൽ ബണ്ടിൽ മെഷീൻ സുഗമമായി പ്രവർത്തിക്കാത്തതും, വെളിച്ചമില്ലാത്തതും, നെറ്റ് വർക് സംവിധാനം ഇല്ലാത്തതുമായ സാഹചര്യത്തിലും കണ്ടെയ്ൻമെന്റ് സോണിലും ചുരുങ്ങിയ സമയത്തിൽ പുസ്തകം എത്തിച്ചു.
ഏഴു സ്കൂളുകളെ ഉൾപ്പെടുത്തിയുള്ള സൊസൈറ്റികൾക്കായുള്ള പുസ്തകങ്ങളാണ് തരം തിരിച്ച് വിതരണം ചെയ്യുന്നത്. കൂട്ടായ്മയിലൂടെ സാധാരണക്കാരായ സ്ത്രീകളുടെ സാമൂഹിക പ്രതിബദ്ധത ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീ.