ഉരുവച്ചാൽ: ശിവപുരം ഗവ. എൽപി സ്കൂൾ കോമ്പൗണ്ടിൽനിന്നു മുറിച്ചിട്ട തേക്ക് മരം കാണാത്തതിനെ തുടർന്നു നാട്ടുകാർ പ്രതിഷേധവുമായി സ്കൂളിലെത്തി. നാട്ടുകാർ സംഘടിച്ചതോടെ കാണാതായ തേക്ക് മരങ്ങൾ സ്കൂൾ മുറ്റത്തേക്ക്തിരിച്ചെത്തി.
സ്കൂൾ നവീകരണത്തിന്റെ ഭാഗമായി മരങ്ങൾ സ്കൂളിന് പിറകിലുള്ള സ്ഥലത്തേക്ക് മാറ്റിയതാണെന്നും മരങ്ങൾ ലേലത്തിന് വച്ചതാണെന്നും പിന്നീട് സ്കൂൾ അധികൃതർ അറിയിക്കുകയായിരുന്നു.
ഒരുവർഷംമുമ്പാണ് സ്കൂൾ കോമ്പൗണ്ടിലെ തേക്ക് മുറിച്ചിട്ടത്. അര ലക്ഷത്തോളം രൂപ വിലമതിക്കുന്ന തേക്ക് സ്കൂൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നു. ഇവ രണ്ടു ദിവസം മുമ്പ് കാണാനില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ രംഗത്തെത്തിയത്. സ്കൂൾ പിടിഎയുടെ അറിവോടെയാണ് സ്കൂളിൽ നിന്ന് മാറ്റിയതെന്ന് ചിലർ ആരോപണവും ഉന്നയിച്ചു.
സ്കൂൾ കെട്ടിടത്തിന് തേക്ക് മരം ഭീഷണിയായതിനെ തുടർന്നാണ് അധികൃതരുടെ നിർദേശ പ്രകാരം തേക്ക് മുറിച്ചതെന്നു പറയുന്നു. സംഭവം അറിഞ്ഞ് മാലൂർ എസ്ഐ ഷിജുവുംസംഘവും സ്ഥലത്ത് എത്തി. നാട്ടുകാർ സംഘടിച്ചതോടെഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കാണാതായ തേക്ക് മരങ്ങൾ അധികൃതർ സ്കൂൾ മുറ്റത്തേക്ക് മാറ്റുകയായിരുന്നു.