സ്വന്തം ലേഖകൻ
കോഴിക്കോട്: സ്കൂളുകളിൽ നടപ്പാക്കാൻ ഉദേശിച്ച ജൻഡർ ന്യൂട്രാലിറ്റി യൂണിഫോമിനെ എതിർത്തപോലെ, വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യപദ്ധതിയെയും എതിർക്കാൻ മുസ് ലിം സംഘടനകൾ.
ഇടതു സർക്കാർ നേരത്തെ ഉപേക്ഷിച്ച പല വിഷയങ്ങളും പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഇതിനെ ഏതുവിധേനയും എതിർക്കുമെന്നും ഇകെ വിഭാഗം പറയുന്നു.
ആധുനിക പഠനരീതി എന്ന നിലയിൽ സർക്കാർ മതത്തെ പൂർണമായും നിരാകരിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കി. സ്കൂൾ സമയമാറ്റം ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
കേരളത്തിൽ നിലനിൽക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഓരോ മതങ്ങളും അവരുടെ മതപഠനം നടത്തുന്നത്. അതിൽ ഭൂരിഭാഗവും രാവിലെ സ്കൂൾ തുടങ്ങുന്നതിന് മുന്പാണ്.
ഇത്തരം മതപഠന സംവിധാനത്തെ തകർക്കുന്ന രീതിയിലുള്ള പദ്ധതികൾ ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും സമസ്ത വ്യക്തമാക്കുന്നു.
പദ്ധതിയുടെ ഭാഗമായി കമ്യൂണിസ്റ്റ് ആശയങ്ങൾ ഒളിച്ചു കടത്തലാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യമെന്നും സമസ്ത കരുതുന്നു. മതസംഘടന എന്ന രീതിയിൽ സമസ്ത ഇതെല്ലാം എതിർക്കുമെന്ന് ഒരു സംശയവും വേണ്ടെന്നും ഉമർ ഫൈസി ‘രാഷ്ട്രദീപിക’യോട് പറഞ്ഞു.
ജൻഡർ ന്യൂട്രാലിറ്റി യൂണിഫോം കൊണ്ടുവരാൻ ശ്രമിച്ചത് മതസംഘടനകളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. സമാനമായ സ്ഥിതിവിശേഷമാണ് വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യപദ്ധതിയും നേരിടുന്നത്.
പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി സ്കൂൾ തലത്തിൽ പിടിഎ അടക്കമുള്ള യോഗങ്ങൾ വിളിച്ച് ചേർത്ത് ചർച്ച ചെയ്ത് പദ്ധതി നടപ്പാക്കാനാണ് സർക്കാർ മുതിരുന്നത്.
ഇതിന്റെ ഭാഗമായി കേരളത്തിലെ പല സ്കൂളുകളിലും രക്ഷിതാക്കളെ പങ്കെടുപ്പിച്ച് പദ്ധതിയുടെ ഗുണം അക്കമിട്ടു നിരത്തുന്ന തരത്തിൽ ചർച്ചകളും സംഘടിപ്പിച്ചു കഴിഞ്ഞു.