കോഴിക്കോട്: സ്കൂള്‍ വിനോദയാത്രയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം സ്വയം തയാറാക്കി ബസുടകള്‍. കോഴിക്കോട്ടെ രണ്ട് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ (എംവിഐ) വ്യാജ സീലും ഒപ്പും ഉപയോഗിച്ചാണ് ടൂറിസ്റ്റ് ബസുടമകള്‍ വ്യാജ സാക്ഷ്യപത്രം തയാറാക്കിയത്.
നഗരത്തിലെ ഒരു സ്കൂളില്‍നിന്ന് വിനോദയാത്ര പോകാന്‍ ടൂറിസ്റ്റ് ബസുടമകള്‍ സ്വയം തയാറാക്കിയ സാക്ഷ്യപത്രത്തിൽ എംവിഐ പ്രവീണ്‍ രാജിന്റെ വ്യാജ ഒപ്പും സീലുമാണ് ചേർത്തിരിക്കുന്നത്.
സാക്ഷ്യപത്രത്തിന് മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയിട്ടുള്ള പ്രത്യേക ഫോറത്തില്‍ വിവരങ്ങള്‍ സ്വയം എഴുതിചേര്‍ത്തു.
ഫെബ്രുവരി ഒന്‍പതിനുള്ള യാത്രയ്ക്ക് തലേദിവസം വാഹനം പരിശോധിച്ചതായി കാണിച്ചു. ഇതുവരെ ഇത്തരത്തിലുള്ള ആറെണ്ണമാണ് കണ്ടെത്തിയത്. ഇതിൽ നാലെണ്ണത്തിൽ പ്രവീണ്‍ രാജിന്റെ ഒപ്പും സീലുമാണ്.
സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോഴിക്കോട് ആർടിഒയ്ക്ക് പരാതി നൽകി. തുടർന്ന് ആർടിഒ നടക്കാവ് പോലീസില്‍ പരാതി നല്കി.
വടക്കാഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പെട്ട് ഒന്‍പത് വിദ്യാര്‍ഥികള്‍ മരിച്ചതിനെതുടര്‍ന്നാണ് വിനോദയാത്രയ്ക്ക് സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയത്.