തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ യൂണിഫോമിന്റെ കാര്യത്തിൽ കടുംപിടിത്തമില്ലെന്നും യൂണിഫോമും ഹാജരും നിർബന്ധമാക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
സ്കൂളുകളിൽ വന്ന് പോകാൻ കുട്ടികൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയുമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം എസ്എംവി സ്കൂളിൽ എത്തിയതായിരുന്നു മന്ത്രി.
സ്കൂളുകളിൽ ഹാജർ കർശനമാക്കില്ലെന്നും വിദ്യാർത്ഥികളുടെ സാഹചര്യം അനുസരിച്ച് സ്കൂളിൽ എത്താമെന്നും മന്ത്രി പറഞ്ഞു. കുട്ടി സ്കൂളിൽ വരണമോ എന്ന് തീരുമാനിക്കേണ്ടത് രക്ഷിതാക്കളാണ്.
പഠനം പൂർത്തിയാക്കാൻ ക്ലാസിൽ കുട്ടികൾ വരേണ്ടതാണ്. യൂണിഫോം ഇല്ലാത്തതിന്റെ പേരിൽ ക്ലാസിൽ കയറ്റാതിരിക്കില്ല. ഇനി കേവലം ഒരു മാസമാണ് സ്കൂൾ ഉണ്ടാവുക. ഈ സമയത്തേക്ക് പുതിയ യൂണിഫോം കിട്ടിയെന്ന് വരില്ല.
അതുകൊണ്ടുതന്നെ യൂണിഫോമിന്റെ കാര്യത്തിൽ നിർബന്ധം ഉണ്ടാവില്ല. അതേസമയം യൂണിഫോം ഉള്ളവർ അവ ധരിക്കണം. ബസുകളിലും മറ്റു സ്ഥലങ്ങളിലും വിദ്യാർത്ഥികളെ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും പഠനത്തിനുമാണ് പ്രാധാന്യം. പാഠഭാഗങ്ങൾ പൂർത്തിയാക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.