മുക്കം: സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പാന്റിനുപകരം ട്രൗസർ ഉടുപ്പിക്കാൻ തീരുമാനിച്ച് സർക്കാർ. ഗവ. എൽപി സ്കൂളുകളിലേക്ക് വിതരണം ചെയ്ത കൈത്തറി തുണിയിൽ രണ്ട് ഷർട്ടിനും രണ്ട് ട്രൗസറിനുമുള്ള തുണിയാണ് നൽകിയത്. ഒരു പാന്റിന് അന്പത് സെന്റിമീറ്റർ മതിയെന്നാണ് സർക്കാർ കണക്ക്. ഇത് ട്രൗസറിനുപോലും തികയാത്ത അവസ്ഥയാണ്.
ഒന്നാം ക്ലാസ് വിദ്യാർഥികൾപോലും സ്കൂളുകളിൽ പാന്റ് മാത്രം ഉപയോഗിക്കുന്പോഴാണ് സർക്കാറിന്റെ ഈ പുതിയ പരിഷ്കാരം. വിദ്യാർഥികൾ സർക്കാർ വിതരണം ചെയ്ത യുണിഫോം ധരിക്കണമെന്ന് സ്കൂൾ അധികൃതർ നിർബന്ധിക്കുന്പോൾ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് രക്ഷിതാക്കൾ. അന്പത് സെന്റി മീറ്റർ വീതം രണ്ട് ട്രൗസറിന് കിട്ടിയതുപയോഗിച്ച് ഒരു പാന്റാക്കി മാറ്റുകയാണ് ചിലർ. അപ്പോൾ ഒരു പാന്റ് ഒരാഴ്ച ഉപയോഗിക്കേണ്ടി വരും.
പല സ്കൂളുകളിലും കഴിഞ്ഞ വർഷത്തെ കളർ മാറിയതിനാൽ വലിയ വില നൽകി ഒരു ജോഡി വാങ്ങേണ്ടി വരും. അതേസമയം യുപി സ്കൂളുകളിൽ ഓരോ കുട്ടിക്കും നാനൂറ് രൂപ വീതം പഴയ രീതിയിൽ നൽകുകയാണ്. ഇത് ഉപയോഗിച്ച് സ്കൂളുകൾ പാന്റും ഷർട്ടുമായി രണ്ടുകൂട്ടം യൂണിഫോം വിദ്യാർഥികൾക്ക് നൽകുന്നു. ഈ വർഷം സർക്കാർ കൊണ്ടുവന്ന കൈത്തറി വസ്ത്ര ത്തിന് തുണി നേരിട്ട് വിതരണം ചെയ്തതിലാണ് കുട്ടികളുടെ വസ്ത്രധാരണ ശീലം തന്നെ മാറ്റാൻ ശ്രമിച്ചിരിക്കുന്നത്.