കൊച്ചി: സ്കൂൾ കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾ തുടരുന്നു. രാവിലെയും വൈകിട്ടുമാണ് പരിശോധന. സ്കൂൾ തുറന്ന കഴിഞ്ഞ ആറിന് രണ്ടു വാഹനങ്ങൾക്കു താക്കീത് നൽകിയിരുന്നു. സ്കൂൾ കുട്ടികളെ കുത്തിനിറച്ച് എത്തിച്ചതിനാണ് താക്കീത് ചെയ്തത്.
അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ കയറ്റിയാൽ പിടികൂടുന്നതടക്കം കർശന നടപടികൾക്കാണു വകുപ്പ് ഒരുങ്ങുന്നത്. സ്കൂളുകളുടെ സ്വന്തം ബസുകളിലും വാടകയ്ക്ക് സർവീസ് നടത്തുന്ന വാഹനങ്ങളിലുമടക്കം പരിശോധന കർശനമാക്കുമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ടാക്സ് അടയ്ക്കാതെ സർവീസ് നടത്തിയ വാഹനവും കണ്ടെത്തിയിരുന്നു.
വാടകയ്ക്ക് സർവീസ് നടത്തുന്ന വാഹനമാണ് കണ്ടെത്തിയതെന്നും കുട്ടികളുടെ സുരക്ഷയിൽ യാതൊരു വിധത്തിലുമുള്ള വിട്ടുവീഴ്ചകൾക്ക് തയാറല്ലെന്നും അധികൃതർ വ്യക്തമാക്കി. സ്കൂൾ തുറക്കുന്നതിനുമുന്പേ സ്കൂൾ വാഹനങ്ങളിൽ കർശന പരിശോധനകളും ബോധവത്കരണവും വകുപ്പ് നടത്തിയിരുന്നു. എന്നിട്ടും നിയമം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് അധികൃതർ.
കുട്ടികളെ കയറ്റുന്നത് മുതൽ സ്കൂളുകളിൽ എത്തിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ സ്കൂൾ അധികൃതരും ഡ്രൈവർമാരുമടക്കം പാലിക്കേണ്ട കാര്യങ്ങൾ മോട്ടോർ വാഹന വകുപ്പ് അധികൃതർ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഏവരും സ്വീകരിക്കേണ്ടതാണെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.