പത്തനംതിട്ട: വേനൽ അവധിക്കു ശേഷം വിദ്യാലയങ്ങൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ വിപണിയിൽ തിരക്ക്. പഠനോപകരണങ്ങളും യൂണിഫോം അടക്കം തുണിത്തരങ്ങൾ വാങ്ങാനുമെല്ലാം കുട്ടികളുടെയും മുതിർന്നവരുടെയും തിരക്കാണ്. പത്തനംതിട്ടയിലെ വിപണിയിൽ പുതിയ ഇനം ബാഗുകളും, ചെരുപ്പുകളും കുടകളും നിറഞ്ഞു കഴിഞ്ഞു.
വിവിധ കമ്പനികൾ ആകർഷകമായ നിരക്കുകളിലാണ് ഇവ വിറ്റഴിക്കുന്നത്. പ്രത്യേക സ്കൂൾ വിപണികളും സജീവമാണ്. പത്തനംതിട്ട സമത സൂപ്പർ മാർക്കറ്റും പോലീസ് സഹകരണസംഘവുമെല്ലാം സ്പെഷൽ വിപണികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. വൻകിട വ്യാപാര സ്ഥാപനങ്ങളിലും പ്രത്യേക സൗകര്യങ്ങൾ തയാറാക്കിയിട്ടുണ്ട്. നേഴ്സറി തലം മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളെയാണ് വിപണികൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
ഒരു കുട്ടിക്ക് വേണ്ടുന്ന യൂണിഫോമും പുസ്തകങ്ങളും ചെരുപ്പുകളും വാങ്ങുമ്പോഴേക്കും ഒരു സാധാരക്കാരന്റെ കീശ കാലിയാകും. എന്നാലും പുതിയ സ്കൂൾ വർഷാരംഭം രക്ഷിതാക്കൾക്കും കുട്ടികൾക്കുമെല്ലാം ഒരേ പോലെ ഉത്സവമാണ്. പുതിയ സ്കൂൾ വർഷാരംഭത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിനാവശ്യമായ യൂണിഫോം, പാഠപുസ്തകം, നോട്ടുബുക്ക്, ബാഗ്, കുട എന്നിവ വാങ്ങുന്നതിനായി രക്ഷിതാക്കളുടെ നെട്ടോട്ടം.
വിപണിയിൽ സ്കൂൾ യൂണിഫോം ഉൾപ്പെടെ എല്ലാത്തരം തുണിത്തരങ്ങൾക്കും ഇത്തവണ വൻ വിലയാണ്. ബാഗ്, കുട, ഷൂസ് എന്നിവയുടെ വിലയിലും വർധനയുണ്ട്. തുണി തയ്യൽ കൂലിയും ഉയർന്നു. വിപണിയിൽ എത്തുന്ന നോട്ടുബുക്കിന്റെ വിലയും കൂടി. യൂണിഫോം, പാഠ പുസ്തകം, നോട്ടുബുക്ക്, കുട, ബാഗ് എന്നിവയെല്ലാം കൂടി സ്കൂൾ തുറപ്പിന് നല്ല തുകയാകും.
ഒന്നിലധികം കുട്ടികളെ സ്കൂളിൽ അയയ്ക്കുന്ന സധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും അവസ്ഥയാണ് ഏറെ പരിതാപകരമാകുന്നത്. ഇതിനും പുറമെ നിത്യേനയുളള യാത്രാ ചെലവുമുണ്ടാകണം. സാമ്പത്തിക പ്രതിസന്ധി മൂലം നിത്യചെലവിനു പോലും ക്ലേശിക്കുന്ന കുടുംബങ്ങളുണ്ട്.
തൊഴിൽ, സാന്പത്തിക പ്രതിസന്ധി കാരണം കഷ്ടത്തിലായ പല രക്ഷിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിന് വക കാണാതെ നട്ടം തിരിയുകയാണ്. സ്കൂൾ തുറക്കാറായിട്ടും മുൻ വർഷങ്ങളിലെ പോലെ സ്കൂൾ ഐറ്റങ്ങൾ വിൽക്കുന്ന കടകളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും വലിയ തിരക്കില്ല. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾ കാരണം സ്കൂൾ തുറക്കാറാകട്ടെ എല്ലാം അവസാനം വാങ്ങാമെന്ന കണക്കുകൂട്ടലിൽ കാത്തിരിക്കുകയാണ് പലരും.