സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ രണ്ടാം തവണയും താഴ് വീണ് സ്കൂള്‍ വിപണി. ലക്ഷങ്ങളുടെ കച്ചവടം നടക്കാറുള്ള സ്കൂള്‍ വിപണി ഇത്തവണയും പ്രതിസന്ധിയിലാകുമെന്നുറപ്പായി.
കോവിഡ് മൂന്നാം തരംഗം അകലെയല്ലെന്നതും കുട്ടികള്‍ ഉള്‍പ്പെടെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും വിപണിക്ക് നല്‍കുന്നത് വലിയ ആശങ്കയാണ്.
പുത്തനുടുപ്പും വര്‍ണ്ണ കുടകളും കുട്ടിബാഗുകളുമായി പൊടി പൊടിക്കേണ്ട കച്ചവടം തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉയര്‍ത്തെഴുന്നേല്‍പ്പിന് പോലും സാധ്യതയില്ലാത്ത വിധം തകര്‍ന്നടിഞ്ഞിരിക്കുന്നത്.
കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ ഇനി എന്ന് തുറക്കാനാവുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.
മുന്‍ വര്‍ഷങ്ങളിലെല്ലാം മേയ് ആദ്യമാസം മുതല്‍ തന്നെ വിപണി സജീവമാകുമായിരുന്നു. എന്നാല്‍ ഇത്തവണ കണ്‍സ്യൂമര്‍ഫെഡ്, സൂപ്പര്‍ മാര്‍ക്കറ്റ് ത്രിവേണി തുടങ്ങിയവയെല്ലാം സ്കൂള്‍ വിപണി വേണ്ടെന്ന തീരുമാനത്തിലാണ്.
വ്യാപാരികള്‍ പുതിയ സ്റ്റോക്കുകള്‍ എടുത്തിട്ടില്ല. കഴിഞ്ഞ തവണ അപ്രതീക്ഷിത നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടായത്. വലിയ തുക മുടക്കി സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതിനു പിന്നാലെയായിരുന്നു ലോക്ക് ഡൗണ്‍.
കഴിഞ്ഞ വര്‍ഷത്തെ സ്റ്റോക്ക് ഇക്കുറി വിറ്റ് കാശാക്കാമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷയും കെട്ടടങ്ങി. ഇതോടെ മൊത്ത, ചില്ലറ വ്യാപാരികള്‍ ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്
. സ്കൂളുകളില്‍ അഡ്മിഷന് നടക്കുന്നുണ്ടെങ്കിലും ക്ലാസുകള്‍ ഓണ്‍ലൈനായതിനാല്‍ സ്കൂള്‍ വിപണിക്ക് ഇത്തവണയും ഗുണം ചെയ്യില്ലെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.
പുതിയ യൂണിഫോം ഓര്‍ഡറുകളും ഇതുവരെ ലഭിച്ചിട്ടില്ല. സാധാരണ മുംബൈ, രാജസ്ഥാന്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് യൂണിഫോം തുണികള്‍ എത്തുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നല്കുന്ന ഓര്‍ഡറനുസരിച്ച് മാര്‍ച്ച് അവസാനത്തോടെ സ്റ്റോക്ക് എത്തുകയാണ് പതിവ്.
കഴിഞ്ഞ വര്‍ഷം വ്യാപരികള്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും ചരക്കുമായി പുറപ്പെട്ട വാഹനങ്ങള്‍ ലോക്ക്ഡൗണില്പ്പെട്ടതോടെ കൃത്യസമയത്ത് സാധനങ്ങള്‍ എത്തിയിരുന്നില്ല.
വൈകിയെത്തിയ സാധനങ്ങള്‍ ചെലവായതുമില്ല. ഷൂ, കുട, ബാഗ് തുടങ്ങിയവയെല്ലാം അതാത് വര്‍ഷം വിറ്റുപോയില്ലെങ്കില്‍ അതിന്റെ ഈടും നിറവും നഷ്ടമാകും.
ആഴ്ചകളോളം അടച്ചിടുമ്പോള്‍ പൊടിപിടിക്കുകയും പലതും കടകളില്‍ നിന്ന് എലി ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്യുകയാണ്.
പോപ്പി, നാനോ, സ്കൂബി ഡേ തുടങ്ങി പ്രമുഖ കമ്പനികളെല്ലാം ഇത്തവണയും പരസ്യങ്ങള്‍ ഇറക്കിയിട്ടില്ല. പകരം ഓണ്‍ലൈന്‍ പഠന ആപ്പുകളുടെ പരസ്യങ്ങളാണ് പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്.