കോട്ടയം: പ്രവേശനോത്സവവും പഠനവും ഓണ്‍ലൈനിലെത്തിയതോടെ വില്പനയില്ലാതെ നിശ്ചലമായിരുന്നു സ്കൂള്‍ വിപണി.
കുട, നോട്ട് ബുക്ക്, സ്കൂള്‍ ബാഗ്, ചെരിപ്പ്, സ്റ്റേഷനറി സാധനങ്ങളുടെ പുതിയ സ്റ്റോക്കുകള്‍ സ്കൂള്‍ അടവിനെത്തുടര്ന്നു വിറ്റുപോയില്ല.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജൂണ്‍ മാസം ലോക്ഡൗണിലായതോടെ സ്റ്റേഷനറി വ്യാപാരമേഖലയും ഇതുമായി ബന്ധപ്പെട്ട വ്യവസായവും മാന്ദ്യത്തിലാണ്.
പുസ്തകങ്ങള്‍ പൊതിയാനുള്ള സാമഗ്രികള്‍ക്കും ആവശ്യക്കാരില്ല. വിവിധ വിഷയങ്ങള്‍ക്കുള്ള ഗൈഡുകളും മാപ്പുകളും ചാര്‍ട്ടുകളും കുട്ടികള്‍ക്ക് വേണ്ടാതായി. കഴിഞ്ഞ വര്‍ഷവും സ്കൂള്‍ തുറക്കലിനു വാങ്ങിയ സ്റ്റോക്ക് വ്യാപാരികള്‍ക്ക് വിറ്റഴിക്കാനായില്ല.
വന്‍കിട ഹോള്‍സെയില്‍ കടകളില്‍ പഴയ സ്റ്റോക്ക് ഇപ്പോഴും കെട്ടിക്കിടക്കുന്നു.കൊല്ലം, ചാവക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലെ കുടില്‍ വ്യവസായങ്ങളില്‍ നിന്നുമാണ് നോട്ട് ബുക്കുകളും കുടകളും ജില്ലയില്‍ എത്തിച്ചിരുന്നത്.
കൂടാതെ കോയമ്പത്തൂര്‍, മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് വിവിധ സ്റ്റേഷനറിയും എത്തുന്നുന്നത്. ലോക്ക് ഡൗണില്‍ അവിടത്തെ വ്യവസായ മേഖലയും അടച്ചുപൂട്ടലിലാണ്.
ചെരിപ്പ്, ഷൂ വില്പന ഒരു വര്‍ഷമായി നിശ്ചലമാണ്. സ്കൂള്‍ തുറക്കലിനു മുന്നോടിയായി തയ്യല്‍ കടകള്‍ക്ക് ലഭിക്കേണ്ട തിരക്കിന്റെ ഏറ്റവും പ്രധാന സീസണ് ഇത്തവണയും നഷ്ടമായി.
തുണിക്കടകളുടെയും സ്കൂളുകളുടെയും അടവ് തയ്യല്‍ തൊഴിലാളികളുടെ വരുമാനം ഇല്ലാതാക്കി. രണ്ടു മാസം രാവും പകലും നീളുന്ന തയ്യല്‍ ജോലി നിശ്ചലമായതോടെ തൊഴിലാളികള്‍ക്ക് വരുമാനമില്ല.
സ്കൂള്‍ അടവിനെത്തുടര്ന്ന് കുട്ടികളെ സ്കൂളുകളില്‍ എത്തിക്കുന്ന കരാര്‍ വാഹനങ്ങള്‍ക്കും ഓട്ടം നഷ്ടമായി. ബാങ്ക് ലോണില്‍ വാങ്ങിയ സ്കൂള്‍ വാനുകള്‍ക്കും ബസുകള്‍ക്കും ഓട്ടവും വരുമാനവുമില്ല.