കണ്ണൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു വിനോദയാത്ര പോകുന്നത് സംബന്ധിച്ച് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ പരിശോധന വെട്ടിക്കുറച്ചത് വിവാദമാകുന്നു.
വിനോദയാത്രയ്ക്ക് പോകുന്ന വാഹനങ്ങൾ യാത്ര ആരംഭിക്കുന്നതിന്റെ ഏഴ് ദിവസം മുന്പ് ഉടമയോ ഡ്രൈവറോ സംസ്ഥാനത്തെ ഏതെങ്കിലും ആർടിഒ, ജെആർടിഒ ഓഫീസർ മുന്പാകെ വാഹനങ്ങൾ ഹാജരാക്കി പരിശോധനയ്ക്ക് ഹാജരാക്കണമെന്നും വാഹനത്തിന്റെ ഫിറ്റ്നസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉറപ്പ് വരുത്തിയശേഷമേ വാഹനത്തിന്റെ സർവീസ് അനുവദിക്കാവൂ എന്നാണു നിലവിലുള്ള ചട്ടം.
കഴിഞ്ഞദിവസം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇത്തരമൊരു പരിശോധന വേണ്ടതില്ലെന്ന് തീരുമാനിച്ചത്. പുതിയ തീരുമാനപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും വിനോദയാത്ര പോകുന്ന കോൺട്രാക്ട് കാര്യേജ് 30 ദിവസത്തിലൊരിക്കൽ ഇത്തരം പരിശോധനയക്ക് വിധേയമാക്കിയാൽ മതിയെന്നാണ് നിർദേശിച്ചിരിക്കുന്നത്.
വിദ്യാർഥികളുമായി വിനോദയാത്ര നടത്തിയ വാഹനങ്ങൾ പലതും അപകടത്തിൽപ്പെട്ടതിനെ തുടർന്നായിരുന്നു ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധന മോട്ടോർവാഹന വകുപ്പ് കർശനമാക്കിയിരുന്നത്.
എന്നാലിപ്പോഴത്തെ ഉത്തരവ് പ്രകാരം വാഹനങ്ങളുടെ കാര്യക്ഷമത എത്രമാത്രമുണ്ടെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയില്ലെന്നാണ് പ്രധാന ആരോപണം. മോട്ടോർവാഹന വകുപ്പിന്റെ പുതിയ ഉത്തരവ് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് സ്കൂൾ അധികൃതരും പിടിഎ ഭാരവാഹികളും ചൂണ്ടിക്കാട്ടുന്നുണ്ട്.
നിശാന്ത് ഘോഷ്